കയ്പമംഗലം - കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ തീര സദസ് നാളെ
1297711
Saturday, May 27, 2023 1:25 AM IST
കയ്പമംഗലം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന തീര സദസ് കയ്പമംഗലം മണ്ഡലത്തിൽ നാളെ നടക്കും.
തീര സദസിന് മുന്നോടിയായി ഉച്ചയ്ക്ക് 2.30ന് പെരിഞ്ഞനം ഗവ. യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ജനപ്രതിനിധികളുമായും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ട്രേഡ് യൂണിയൻ നേതാക്കളുമായും ഫിഷറീസ് മന്ത്രി ചർച്ച നടത്തും. വൈകിട്ട് 4.30ന് പെരിഞ്ഞനം എലഗൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന തീര സദസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസണ് എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, കെ. രാജൻ, ബെന്നി ബെഹനാൻ എംപി, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പ് ഉേ ദ്യാഗസ്ഥരും പങ്കെടുക്കും.
തീരദേശ മേഖലയിൽ നിന്നും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ളവരെ ആദരിക്കും. വിവിധ സ്ഥാപനങ്ങൾ മുഖേനയുള്ള ആനുകൂല്യ വിതരണവും നടക്കും. കരിയർ ഗൈഡൻസ് ക്ലാസും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. തീരമേഖലയുടെ സമഗ്ര വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ അറിവ് പ്രയോജനപ്പെടുത്തുന്നതിനും നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ് കൂടിയാണ് ഈ സംരംഭമെന്ന് ഇ.ടി. ടൈസണ് എംഎൽഎ പറഞ്ഞു. കയ്പമംഗലത്ത് നടന്ന പത്രസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. ചന്ദ്രബാബു, ശോഭന രവി, വിനീത മോഹൻദാസ്, കെ.പി. രാജൻ പങ്കെടുത്തു.
കൊടുങ്ങല്ലൂർ: തീര സദസ് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നാളെ നടക്കും. തീര സദസിന് മുന്നോടിയായി രാവിലെ 9.30ന് ചന്തപുര എംഐടി ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികളുമായും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ട്രേഡ് യൂണിയൻ നേതാക്കളുമായും ഫിഷറീസ് വകുപ്പ് മന്ത്രി ചർച്ച നടത്തും. 11ന് നഗരസഭ ടൗണ് ഹാളിൽ നടക്കുന്ന തീരസദസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വി.ആർ. സുനിൽകുമാർ എംഎൽഎ അധ്യക്ഷനാകും മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, കെ. രാജൻ, ബെന്നി ബെഹനാൻ എംപി, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
പത്രസമ്മേളനത്തിൽ വി.ആർ. സുനിൽകുമാർ എംഎൽഎ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കെ.ടി. അനിത, എം. ജോയ്നി ജേക്കബ്ബ്, സി. ഷാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.