കോണ്‍ഗ്രസ് കേന്ദ്രത്തിലും കേരളത്തിലും വിജയം ആവർത്തിക്കും: കെ. സുധാകരൻ
1297710
Saturday, May 27, 2023 1:25 AM IST
ചെന്ത്രാപ്പിന്നി: കോണ്‍ഗ്രസ് കർണാടകയിൽ നേടിയെടുത്ത വിജയം കേന്ദ്രത്തിലും കേരളത്തിലും ആവർത്തിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
കയ്പമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മിഷൻ 2024 ലീഡർഷിപ്പ് ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിലും കേരളത്തിലും അഴിമതി കൊടികുത്തി വാഴുന്ന അവസ്ഥയാണ്. അധികാരമെന്നത് പണം ഉണ്ടാക്കാനുള്ള മാർഗമല്ല. കമ്മീഷൻ വാങ്ങുന്ന പാർട്ടിയായി സിപിഎം മാറി. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ് നരേന്ദ്രമോദി സർക്കാർ ചെയ്യുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ചെടുത്തോളം തിരിച്ചു വരവിന്റെ പാതയിലാണ്. കർണാടകയിൽ നേടിയെടുത്ത വിജയം ഇന്ത്യയിൽ ആവർത്തിക്കാൻ കോണ്‍ഗ്രസിന് സാധിക്കുന്ന സാഹചര്യം സംജാതമായി കൊണ്ടിരിക്കുകയാണെന്നും വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും കെ. സുധാകരൻ പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, ബെന്നി ബെഹനാൻ എംപി, ടി.എൻ. പ്രതാപൻ എംപി, നേതാക്കളായ പി.ജെ. ജോയ്, എം.കെ. അബ്ദുൽ സലാം, കെ.എഫ്. ഡൊമനിക്, പിഎംഎ ജബ്ബാർ, സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രൻ, നൗഷാദ് ആറ്റുപറന്പത്ത്, ടി.എം. നാസർ, ടി.യു. ഉദയൻ, സുരേഷ് കൊച്ചുവീട്ടിൽ, പി.എ. അനസ്, സുനിൽ പി. മേനോൻ, മണി കാവുങ്ങൽ, ഉമറുൽ ഫാറൂഖ്, കെ.വി. ചന്ദ്രൻ, മുജീബ് റഹ്മാൻ, സി.ജെ. ജോഷി, പി.പി. സലീം തുടങ്ങിയവർ പ്രസംഗിച്ചു.