എഐവൈഎഫ് "സേവ് ഇന്ത്യ മാർച്ച്' സമാപനം 28ന്
1297697
Saturday, May 27, 2023 1:22 AM IST
തൃശൂർ: "ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി' എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് നടത്തുന്ന രണ്ടു കാൽനടജാഥകൾ "സേവ് ഇന്ത്യ മാർച്ച്' 28നു വൈകിട്ട് അഞ്ചിന് തെക്കേ ഗോപുരനടയിൽ സംഗമിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
തുടർന്ന് പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. രാജേന്ദ്രന്, സി.എന്‍. ജയദേവന്, രാജാജി മാത്യു തോമസ്, മന്ത്രി കെ. രാജന്, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, എഐവൈഎഫ് ദേശീയ സെക്രട്ടറി ആര്. തിരുമലൈ തുടങ്ങിയവര്‍ പങ്കെടുക്കും. തൈവമക്കള്‍ കണിമംഗലം അവതരിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികളും ഉണ്ടാകും.
തിരുവനന്തപുരത്തുനിന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ് മോനും കാസർഗോഡുനിന്ന് സംസ്ഥാന പ്രസിഡന്റ് എൻ. അരുണുമാണു ജാഥകൾ നയിക്കുന്നത്. രണ്ടു ജാഥകളിലുമായി രണ്ടായിരം സ്ഥിരാംഗങ്ങളാണു പങ്കെടുക്കുന്നത്. തൃശൂര്‍ ശക്തന്നഗറില്നിന്ന് ആരംഭിക്കുന്ന പ്രകടനത്തില്‍ ഭഗത്സിംഗ് യൂത്ത് ഫോഴ്സിലെ 3000 അംഗങ്ങളും ആയിരക്കണക്കിനു യുവജനങ്ങളും അണിനിരക്കും. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ജാഥകള്‍ തെക്കേ ഗോപുരനടയിൽ എത്തും.
സിപിഐ ജില്ലാ കമ്മിറ്റി ഒാഫീസിൽ നടന്ന പത്രസമ്മേളനത്തിൽ പി. ബാലചന്ദ്രന് എംഎൽഎ, ടി. പ്രദീപ്കുമാർ, ബിനോയ് ഷബീർ, പ്രസാദ് പറേരി എന്നിവരും പങ്കെടുത്തു.