സംസ്ഥാന പ്രഫഷണൽ നാടകമത്സരം 29 മുതൽ
1297693
Saturday, May 27, 2023 1:22 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പൂരനഗരിക്ക് നാടകരാവുകൾ സമ്മാനിച്ച് കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിന് 29ന് തിരശീല ഉയരും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്തു നാടകങ്ങളാണ് മത്സരത്തിനുള്ളത്.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവത്തിൽ രാവിലെ 10.30നും വൈകീട്ട് ആറിനുമാണ് നാടകാവതരണങ്ങൾ. 29ന് രാവിലെ 10ന് മന്ത്രി ഡോ.ആർ. ബിന്ദു നാടകോത്സവം ഉദ്ഘാടനം ചെയ്യും.
പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനാകും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, നിർവാഹകസമിതി അംഗം ജോണ്‍ ഫെർണാണ്ടസ് എന്നിവർ പങ്കെടുക്കും. മനോജ് നാരായണൻ സംവിധാനം ചെയ്ത അപരാജിതർ ആദ്യദിനത്തിൽ ആദ്യം അരങ്ങിലെത്തും. വൈകിട്ട് രാജേഷ് ഇരുളം സംവിധാനം ചെയ്ത കടലാസിലെ ആന എന്ന നാടകം അവതരിപ്പിക്കും.
രണ്ടാം നാളിൽ ഇ.എ. രാജേന്ദ്രൻ സംവിധാനം ചെയ്ത ചന്ദ്രികക്കുമുണ്ടൊരു കഥ, വത്സൻ നിസരി സംവിധാനം ചെയ്ത ജലം എന്നിവ അരങ്ങിലെത്തും. മനോജ് നാരായണൻ സംവിധാനം ചെയ്ത ഞാൻ, രാജീവൻ മമ്മിളിയുടെ നത്ത് മാത്തൻ ഒന്നാം സാക്ഷി എന്നിവ 31നും ജൂണ്‍ ഒന്നിന് രാജീവൻ മമ്മിളിയുടെ പണ്ട് രണ്ട് കൂട്ടുകാരികൾ, സുരേഷ് ദിവാകരൻ സംവിധാനം ചെയ്ത മൂക്കുത്തി എന്നീ നാടകങ്ങളും അരങ്ങേറും.
സമാപന ദിവസമായ ജൂണ്‍ രണ്ടിന് രാജേഷ് ഇരുളം സംവിധാനം ചെയ്ത രണ്ടു നാടകങ്ങളാണ് അവതരിപ്പിക്കുക. രണ്ടു നക്ഷത്രങ്ങൾ, വേട്ട എന്നിവയാണ് അവസാനദിവസത്തെ നാടകങ്ങൾ.