സി.ജി. പ്രിൻസ് അന്തരിച്ചു
1297489
Friday, May 26, 2023 1:21 AM IST
തൃശൂർ: ശില്പിയും എഴുത്തുകാരനുമായ സി.ജി. പ്രിൻസ് (62) അന്തരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തെ ചെന്പൂക്കാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രകാരനും കവിയും ഡോക്യുമെന്ററി സംവിധായകനുമായിരുന്ന പ്രിൻസ് കമ്യൂണിസ്റ്റ് പാർട്ടി സഹയാത്രികനായിരുന്നു. രാഷ്ട്രീയ -സാംസ്കാരിക-സാമൂഹിക മേഖലകളിലെ പ്രമുഖരുമായി ആത്മബന്ധം പുലർത്തിയിരുന്നു. തൃശൂർ ചെന്പൂക്കാവിൽ ചിറമ്മൽ ജോർജ്- ലില്ലി ദന്പതികളുടെ മകനാണ്. സംസ്കാരം ഇന്ന് 3.30ന് തൃശൂർ ലൂർദ് കത്തീഡ്രലിൽ.
തൃശൂർ ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ പ്രിൻസ് സെന്റ് തോമസ് കോളജിൽനിന്ന് ബിഎ ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലും ബിരുദം നേടി. തൃശൂർ നെഹ്റു പാർക്കിൽ സ്ഥാപിച്ചിട്ടുള്ള 16 അടി ഉയരമുള്ള സ്റ്റീലിൽ രൂപം നൽകിയ ആനയുടെ ശില്പം പ്രിൻസിന്റെ പ്രധാന കലാസൃഷ്ടികളിലൊന്നാണ്. അടുക്കളയിലെ പൊട്ടിയ പാത്രങ്ങളും സ്പൂണുകളുപയോഗിച്ച് നിർമ്മിച്ച ’ബേർഡ്സ് ഫ്രം മൈ മോംസ് കിച്ചൻ കബോർഡ്’ സീരീസ്, 2018ലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി 1000 ചതുരശ്ര അടി ക്യാൻവാസിൽ ചെയ്ത ’ഫ്ലവേഴ്സ് ഫോർ ചിൽഡ്രൻ’ പെയിന്റിംഗ് എന്നിവയും പ്രിൻസിന്റെ സൃഷ്ടികളാണ്. ഡോ. ചുമ്മാർ ചൂണ്ടലിനെക്കുറിച്ച് "നാടോടി നൊമാഡ്’ എന്ന ഡോക്യുമെന്ററി ഒരുക്കിയിട്ടുണ്ട്. കെനിയ, യുഎസ്എ എന്നിവിടങ്ങളിലും പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ,സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, രാജാജി മാത്യു തോമസ് എന്നിവർ അനുശോചിച്ചു.