വനിതാ കമ്മീഷന് സിറ്റിംഗിൽ 16 പരാതികള്‍ തീര്‍പ്പാക്കി
1297414
Friday, May 26, 2023 12:47 AM IST
തൃശൂർ: കേരള വനിതാ കമ്മീഷന് സിറ്റിംഗില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. വിവാഹമോചനം സംബന്ധിച്ച ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്കു കൈമാറി. രാമനിലയം ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന സിറ്റിംഗിൽ കമ്മീഷന് അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്, വി.ആര്. മഹിളാമണി എന്നിവര്‍ പരാതികള്‍ കേട്ടു.
സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍നിന്നു വായ്പയെടുത്ത് വാഹനം വാങ്ങിയ ശേഷമുള്ള അടവ് സംബന്ധിച്ച തര്‍ക്കത്തില്‍ ഇടപാട് വിശദാംശങ്ങള്‍ ഓഡിറ്റ് ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കമ്മിഷന് തീരുമാനിച്ചു. പോലീസ് ഉദ്യോഗസ്ഥന് സ്ത്രീകളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പോലീസ് വകുപ്പുവഴി തുടര്‍നടപടികള്‍ സ്വീകരിക്കും.
പ്രായമായ അച്ഛനെയും അമ്മയേയും മക്കള്‍ നോക്കുന്നില്ലെന്ന പരാതിയില്‍ ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഓഫീസറോട് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒ ഹാജരായി പ്രശ്നം പരിഹരിച്ചതായി കമ്മിഷനെ അറിയിച്ചു.