വരാക്കര പള്ളി വികാരിയുടെ ബൈക്ക് കത്തിച്ചു
1297199
Thursday, May 25, 2023 12:46 AM IST
വരാക്കര: ഉണ്ണിമിശിഹ പള്ളി വികാരിയുടെ ബൈക്ക് കത്തിച്ചു. പള്ളിയുടെ പാരിഷ് ഹാളിനു സമീപം നിർത്തിയിട്ട ഫാ.സോണി കിഴക്കൂടന്റെ ബൈക്കാണ് കത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ബൈക്ക് കത്തിക്കുന്ന ദൃശ്യങ്ങൾ പള്ളിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞു. ബൈക്കിനടുത്തെത്തിയ ആൾ ബൈക്കിന്റെ മീറ്റർ ബോർഡിൽ ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തിയ ശേഷം അവിടെ നിന്ന് മാറിനിൽക്കുകയായിരുന്നു. തീ ആളിപടരുന്നതു കണ്ടാണ് ഇയാൾ സ്ഥലം വിട്ടത്. പുതുക്കാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ബൈക്ക് പൂർണമായും കത്തിനശിച്ചു. ചുക്കിരിക്കുന്നിലുള്ള ആളാണ് ബൈക്ക് കത്തിച്ചതെന്ന് പോലീസ് സംശയിക്കുന്നു. നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.