കൊടുങ്ങല്ലൂർ - കൂർക്കഞ്ചേരി റോഡുപണി സ്തംഭിച്ചു
1297186
Thursday, May 25, 2023 12:43 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കൊടുങ്ങല്ലൂർ- കൂർക്കഞ്ചേരി റോഡുപണി ആഴ്ചകളായി നടക്കാത്തതിനാൽ ശരിക്കും പണികിട്ടിയത് നാട്ടുകാർക്കും വ്യാപാരികൾക്കും വാഹനയാത്രികർക്കും. വാഹനമെടുത്ത് റോഡിലേക്കിറങ്ങിയാൽ ബ്ലോക്കിന്റെ പൂരമാണ്. കൂർക്കഞ്ചേരി മുതൽ കണിമംഗലം പാലംവരെ ഒറ്റവരി ഗതാഗതം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതു ലംഘിച്ച് വാഹനങ്ങൾ കടന്നുവരുന്നതാണ് ഗതാഗതക്കുരുക്കിനു കാരണം. റോഡുപണി കഴിഞ്ഞ ഭാഗം ഗതാഗതത്തിനു തുറന്നുകൊടുത്താൽ ഇൗ ബുദ്ധിമുട്ട് ഒഴിവാക്കാമെങ്കിലും അതുണ്ടാകുന്നില്ല. കൂർക്കഞ്ചേരി, കണിമംഗലം പാലം എന്നിവിടങ്ങളിൽ അടച്ചുകെട്ടിയിക്കുകയാണ്. ഇൗ ഭാഗങ്ങളിലൂടെ കാറും ബൈക്കും ഒറ്റവരി തെറ്റിച്ച് കടക്കാൻ ശ്രമിക്കുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. പാലയ്ക്കൽ ജംഗ്ഷനിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മഴ തുടങ്ങിയാൽ സ്ഥിതി കൂടുതൽ വഷളാകും.
കുരുക്കിൽപെട്ട് സ്കൂൾ കുട്ടികൾ വലയും
സ്കൂൾ തുറക്കുന്നതോടെ ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് മഹാകുരുക്കായി മാറും. സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്ര അപകടഭീഷണിയുയർത്തും. ടൗണിലെ പ്രമുഖ സ്കൂളുകളിലേതടക്കം നിരവധി സ്കൂൾ ബസുകളും വാൻ, ഒാട്ടോറിക്ഷകളും ഇതിലൂടെ പോകേണ്ടതാണ്. കഴിഞ്ഞ വർഷം പലപ്പോഴും സ്കൂൾ വാഹനങ്ങൾ കുരുക്കിൽപെട്ടു കിടക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. പലപ്പോഴും സ്കൂളിൽ വൈകിയാണ് സ്കൂൾ ബസുകൾ എത്തിയിരുന്നതെന്ന് പരാതിപ്പെട്ടിരുന്നു. അതിരാവിലെ വീട്ടിൽനിന്ന് ഇറങ്ങുന്ന കുട്ടികൾ വളരെ വൈകി തിരിച്ചെത്തുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഇത്തവണ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകും. റോഡുപണി പൂർത്തിയാകാതെ അപകടാവസ്ഥയിലുള്ള വഴിയിലൂടെ കുട്ടികളെ എന്തുധൈര്യത്തിലാണു വിടുകയെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.
ട്രിപ്പുകൾ മുടങ്ങി സ്വകാര്യബസുകൾ
കുരുക്കിൽപ്പെട്ട് കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ റൂട്ടിലോടുന്ന ബസുകൾക്ക് പലപ്പോഴും സമയത്തിന് ഒാടിയെത്താൻ കഴിയുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഇതുമൂലം ബസുകളുടെ പല ട്രിപ്പുകളും മുടങ്ങുകയാണ്. ദീർഘനേരം കുരുക്കിൽപ്പെട്ടു കിടക്കുന്നത് ഇന്ധനനഷ്ടമുണ്ടാക്കുന്നു. പൊളിച്ചിട്ട റോഡുകളിലൂടെയുള്ള യാത്ര ടയർ തേയ്മാനത്തിനും പങ്ചറിനും ഇടയാക്കുന്നു. ലീഫ് ഒടിയുന്നതും പതിവായി. രാവിലെയും വൈകിട്ടും ട്രിപ്പുകൾ മുടങ്ങുന്നത് വൻ സാന്പത്തികനഷ്ടമാണ് ബസുകാർക്ക് ഉണ്ടാക്കുന്നത്. ട്രിപ്പ് മുടങ്ങാതിരിക്കാൻ ബസുകാർ അമിതവേഗത്തിൽ പായുന്നതും കുരുക്കിൽപ്പെട്ടു കിടക്കുന്ന വാഹനങ്ങളെ മറികടന്ന് ഇടയിൽ കയറുന്നതും തർക്കങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. പലയിടത്തും ബസുകാർ പണികഴിഞ്ഞ ഭാഗത്തുകൂടെ വാഹനനിരയെ മറികടക്കാൻ ശ്രമിക്കുന്പോൾ എതിരെനിന്ന് വാഹനങ്ങൾവന്ന് വീണ്ടും കുരുക്കിനിടയാകാറുണ്ട്. അധികൃതർ ഇക്കാര്യത്തിൽ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വ്യാപാരികളുടെ വയറ്റത്തടിച്ചു
റോഡുപണി അനന്തമായി നീളുന്നതിന്റെ പ്രധാന ഇരകൾ വ്യാപാരികളാണ്. കൂർക്കഞ്ചേരി മുതൽ പെരുന്പിള്ളിശേരിവരെയുള്ള പല കടകളും പൂട്ടിപ്പോയി. ഇവിടങ്ങളിൽ ജോലിക്കുണ്ടായിരുന്നവരും ചില ചെറിയ കടക്കാരും ഉപജീവനത്തിനായി മറ്റു മാർഗങ്ങൾ തേടി. ഉള്ള കടകളിലേക്ക് സ്റ്റോക്കെത്തിക്കാൻ ഒരു കിലോമീറ്റർ വേണ്ടിടത്ത് രണ്ടുംമൂന്നും കിലോമീറ്റർ വളഞ്ഞാണ് എത്തിപ്പെടുന്നത്. അതും വാഹനത്തിരക്ക് കുറഞ്ഞ സമയം നോക്കിവേണം കടയ്ക്കുമുന്പിൽ വാഹനം നിർത്തി സാധനങ്ങൾ ഇറക്കാൻ. റോഡ് സാധാരണയിലും ഉയർന്നതിനാൽ മഴക്കാലത്ത് പല കടകൾക്കുള്ളിലേക്കും വെള്ളം കയറുന്ന അവസ്ഥയാണ്. വേനൽക്കാലത്ത് ഇൗ കടകൾ പൊടിയിൽ മുങ്ങിയിരിക്കുകയായിരുന്നു.
ഉറപ്പാണ് വെള്ളക്കെട്ട്
റോഡിന്റെ ഇരുവശത്തുമുള്ള കാനകളും കട്ട വിരിക്കലും പൂർത്തിയാക്കാത്തത് മഴക്കാലത്ത് വെള്ളക്കെട്ടിന് ഇടയാക്കും. ഇതിൽ വീണുള്ള അപകടങ്ങളും പ്രതീക്ഷിക്കണം. കണിമംഗലം പാലം ഉയർത്തിപ്പണിയാൻ കഴിഞ്ഞ വർഷം ബണ്ടുകെട്ടി നീരൊഴുക്ക് തടഞ്ഞത് സമീപപ്രദേശങ്ങളായ അവിണിശേരി, പാലിശേരി ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കിയിരുന്നു. ഇവിടങ്ങളിലെ വീടുകൾക്കുള്ളിൽ വെള്ളംകയറി. അവിണിശേരി- പാലിശേരി സമാജം പടവിലെ കൃഷിയെയും ബാധിക്കും. ഇത്തവണയും ഇത് ആവർത്തിക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികൾ. പാലംപണിക്കു വെള്ളം തടയാൻ കെട്ടിയ ബണ്ട് പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ പടവിലേക്കു മഴവെള്ളം തടയുന്ന പ്രധാന ബണ്ടിനെ തകർക്കുമെന്നാണ് കർഷകരുടെ ആശങ്ക.
പണം കിട്ടിയാലല്ലേ പണി നടക്കൂ
കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിൽ വിവിധയിടങ്ങളിലായി നടത്തിയ പണികൾക്ക് ആകെ 15 കോടി രൂപയാണ് സർക്കാർ നിർമാണ കന്പനിക്കു കൊടുത്തിട്ടുള്ളത്. ഇതുവരെയുള്ള പണികൾക്കായി ഇനിയും 20 കോടി രൂപകൂടി നല്കണം. ഇതുകിട്ടിയാലെ തുടർന്നുള്ള ജോലികൾ തീർക്കാനാകൂ. നിലവിൽ സ്റ്റോക്കുള്ള സാമഗ്രികൾകൊണ്ടാണ് ചിലയിടങ്ങളിൽ
പണികൾ ചെറിയതോതിലെങ്കിലും നടക്കുന്നത്.
അതും ഉടൻ നിലയ്ക്കും. മേയ് 15 പണം നല്കുമെന്ന് സർക്കാർ ആദ്യം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. പണി കഴിയുന്നതിനനുസരിച്ച് ജർമൻ ബാങ്കിന്റെ കൺസൾട്ടന്റ് പരിശോധിച്ചശേഷമാണു സർക്കാരിനു പണം കൈമാറുക. സർക്കാരാണ് നിർമാണ കന്പനിക്കു പണം നല്കേണ്ടത്. ഇൗ തുക അഡ്വാൻസായി നിർമാണ കന്പനിക്കു സർക്കാർ നല്കുകയാണെങ്കിൽ റോഡു പണി മുടക്കും കൂടാതെ വേഗത്തിൽ തീർക്കാനാകും.
പഞ്ചായത്ത് പരാതി നല്കി;
ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു
വെള്ളാങ്കല്ലൂർ: കൊടുങ്ങല്ലൂർ - തൃശൂർ കൂർക്കഞ്ചേരി സംസ്ഥാ ന പാത റീബിൽഡ് കേരള പദ്ധതിയിൽ പുനർനിർമാണത്തിന്റെ ഭാഗമായി വെള്ളാങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷൻ മുതൽ നടവരന്പ് അണ്ടാണിക്കുളം വരെയുള്ള റോഡിൽ ഒരു ഭാഗത്തേയ്ക്കുമാത്രം ഗതാഗതം അനുവദിച്ചുകൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് നാലു മാസത്തിലധികമായി. നിർമാണമേറ്റെടുത്തിട്ടുള്ള കന്പനിയുടെ അലംഭാവത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശത്തെ പണികൾ പോലും ഇനിയും പൂർത്തിയായിട്ടില്ല.
അപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ള പ്രദേശത്തെ പണി അടിയന്തരമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രസിഡന്റി ന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ വി.ആർ. കൃഷ്ണതേജ പണിനടക്കുന്ന വെള്ളാങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ സന്ദർശനം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസും പ്രശ്നം കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പദ്ധതി നടത്തിപ്പുകാരായ കെഎസ്ടിപിയുടെ ഉന്നത ഉദ്യോഗസ്ഥരെയും കോണ്ട്രാക്ടറുടെ പ്രതിനിധികളെയും വിളിച്ചു വരുത്തി വീഴ്ചവരുത്തിയതിനു വിശദീകരണം തേടുകയും അപാകതകൾ പരിഹരിച്ച് അടിയന്തരമായി പണിപൂർത്തീകരിക്കാൻ കളക്ടർ നിർദേശം നല്കുകയും ചെയ്തു.
പ്രസിഡന്റ് എം.എം. മുകേഷ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജിയോ ഡേവിസ് എന്നിവർ കളക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. കുടിവെള്ളപൈപ്പുകൾ പുനക്രമീകരിക്കുന്ന കാര്യത്തിനു മാത്രമായി പ്രത്യേക യോഗം ചേരാമെന്നും കളക്ടർ അറിയിച്ചു.