തീനാളങ്ങളിൽ അമർന്ന് കുടുംബം; നടുക്കത്തോടെ ശ്രീനിപുരം
1541891
Friday, April 11, 2025 11:43 PM IST
എരുമേലി: ഒരു കുടുംബത്തിലെ മൂന്നു പേർ തീനാളങ്ങളിൽ അമർന്ന് വെന്തുമരിച്ചതിന്റെ നടുക്കത്തിൽ ശ്രീനിപുരത്തെ നാട്ടുകാർ. അച്ഛനും അമ്മയും ഏക സഹോദരിയും കൺമുമ്പിൽ തീപിടിച്ചു കത്തുമ്പോൾ ഒപ്പം തീയിലും പുകയിലും പെട്ടു വീടിനുള്ളിൽ അപകടത്തിലായിരുന്നു സഹോദരൻ അഖിലേഷ് എന്ന ഉണ്ണിക്കുട്ടൻ. പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ഉണ്ണിക്കുട്ടൻ വീടിനു തീപിടിക്കുമ്പോൾ ബാത്ത്റൂമിലായിരുന്നു. സാരമായി പരിക്കുകൾ ഉണ്ടെങ്കിലും ഉണ്ണിക്കുട്ടന്റെ നില ഗുരുതരമല്ലെന്നു ഡോക്ടർമാർ അറിയിച്ചെന്ന് ബന്ധുക്കൾ പറഞ്ഞു.
ജൂബിലി ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ ശ്രീനിപുരം പുത്തൻപുരക്കൽ സത്യപാലൻ, ഭാര്യ സീതമ്മ, മകൾ അഞ്ജലി എന്നിവരാണ് ദാരുണമായി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ശ്രീനിപുരം ജുമാമസ്ജിദിൽ നിന്നു നമസ്കാരം കഴിഞ്ഞു റോഡിലൂടെ വരികയായിരുന്ന വിലങ്ങുപാറ അജ്മലും സുഹൃത്ത് ഷാഫിയുമാണ് തീഗോളം പോലെ ഒരാൾ റോഡിലേക്ക് ഓടിയെത്തി വീഴുന്നതു കണ്ട് ഓടിച്ചെന്നത്.
സമനില വീണ്ടെടുത്ത ഇവരാണ് ആദ്യ രക്ഷാപ്രവർത്തനം തുടങ്ങിയത്. അഞ്ജലിയാണ് തീഗോളം പോലെ റോഡിലേക്ക് ഓടിയെത്തി വീണത്. അഞ്ജലിയെ ഉടനെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാർ വെള്ളം ഒഴിച്ച് വീടിനുള്ളിലെ കനത്ത തീയും പുകയും അണയ്ക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു. ഉണ്ണിക്കുട്ടന് ഇതിനിടെയാണ് പുറത്തു കടക്കാനായത്. തീയും പുകയും കരിഞ്ഞ ഗന്ധവും വൈദ്യുതി ഉപകരണങ്ങൾ പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങളും ഒക്കെ രക്ഷാപ്രവർത്തനത്തെ അപകടകരമാക്കിയിരുന്നു.
പോലീസും ഫയർഫോഴ്സും എത്തിയതോടെയാണ് തീ പൂർണമായും കെടുത്താനായത്. വീടിനുള്ളിൽ വെന്തു മരിച്ച നിലയിലായിരുന്നു സീതമ്മയുടെ മൃതദേഹം. കോട്ടയം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയ്ക്കിടെ സത്യപാലനും മകളും വൈകുന്നേരത്തോടെ മരിച്ചു.
അഞ്ജലിയുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ വഴക്കിനിടെയാണ് വീട്ടിൽ തീപിടിത്തം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.
മൈക്ക് സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും വാടകയ്ക്ക് നൽകിയിരുന്ന സ്ഥാപനമാണ് സത്യപാലൻ നടത്തിയിരുന്നത്. ജനറേറ്ററും മറ്റും പ്രവർത്തിപ്പിക്കിന്നതിനായി കരുതിയിരുന്ന ഇന്ധനമാണ് സീതമ്മ ശരീരത്തിൽ ഒഴിച്ചത്. എരുമേലി സ്റ്റേഷനിലെ എസ്ഐ ജി. രാജേഷ്, പോലീസുകാരായ ബിപിന്‍, രാഹുല്‍, സജീഷ്, ജയ്മോന് എന്നിവരുടെ നേതൃത്വത്തില്‍ എരുമേലി പോലീസും കാഞ്ഞിരപ്പള്ളിയില്‍നിന്നു ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.