ലോട്ടറി ക്ഷേമനിധി ബോര്‍ഡിലെ അഴിമതി ഡെപ്യൂട്ടി ഡയറക്ടര്‍ അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷിക്കണം: ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ്
1543388
Thursday, April 17, 2025 7:11 AM IST
കോട്ടയം: ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ കോടികളുടെ അഴിമതി നടത്തിയ മുഴുവന്‍ പേര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഓള് കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ എട്ടുവര്‍ഷമായി നടക്കുന്ന കോടികളുടെ തട്ടിപ്പ് ഒരാളില്‍ മാത്രം ചുരുക്കി മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ അധികാര കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണ്. അന്നത്തെ ഓഫീസ് ചുമതലക്കാരനായ ഇന്നത്തെ ഡപ്യൂട്ടി ഡയറക്ടര്‍ അടക്കമുള്ളവരെ സസ്പെൻഡ് ചെയ്ത് സ്വതന്ത്ര ഏജന്‍സികളെ അന്വേഷണം ഏല്‍പ്പിക്കണമെന്നും ലോട്ടറി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവുമായ ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.
പ്രതികൂലമായ കാലാവസ്ഥകളിലും നടന്ന് ലോട്ടറി വില്പന നടത്തി കോടികളുടെ വരുമാനം സര്‍ക്കാരിലേക്ക് നല്കുന്ന ലോട്ടറി വില്പന തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചും ബോണസില്‍ കാലോചിതമായ വര്‍ധനവ് വരുത്താതെയും കടുത്ത തൊഴിലാളി ദ്രോഹം നടത്തുമ്പോഴാണ് ഉന്നതരുടെ ഒത്താശയോടെ കോടികള്‍ കൊള്ള നടത്തുന്നതെന്നും ഐഎന്‍ടിയുസി ആരോപിച്ചു.