എന്റെ കേരളം പ്രദര്‍ശന വിപണനമേള 24 മുതല്‍ നാഗമ്പടത്ത്
1543662
Friday, April 18, 2025 6:56 AM IST
കോട്ടയം: എന്റെ കേരളം പ്രദര്‍ശന വിപണനമേള 24 മുതല്‍ 30 വരെ കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കും.186 പ്രദര്‍ശന-വിപണന സ്റ്റാളുകളാണുണ്ടാവുക. മെഗാ ഭക്ഷ്യമേളയും പ്രമുഖര്‍ അണിനിരക്കുന്ന കലാവിരുന്നും മേളയുടെ ഭാഗമായുണ്ടാകും.
വിവിധ തൊഴില്‍ മേഖലകളിലുള്ളവരുടെയും സവിശേഷ പരിഗണനയര്‍ഹിക്കുന്നവരുടെയും സംഗമങ്ങളും മേളയോടനുബന്ധിച്ചു നടത്തും. ഉദ്ഘാടനദിനമായ 24നു ഉച്ചകഴിഞ്ഞ് മൂന്നിന് നാഗമ്പടം മൈതാനത്തേക്ക് വര്‍ണാഭമായ ഘോഷയാത്ര നടക്കും. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ നടത്തുന്ന ഘോഷയാത്രയില്‍ ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കും.
മേളയുടെ നടത്തിപ്പിനായി വിവിധ ഉപസമിതികള്‍ രൂപീകരിച്ചു. ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗമാണ് ഉപസമിതികള്‍ രൂപീകരിച്ചത്. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ജോസ് കെ. മാണി എംപി, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സി.കെ. ആശ,
ജോബ് മൈക്കിള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ എന്നിവരാണ് വിവിധ ഉപസമിതികളുടെ അധ്യക്ഷർ.