സൂക്ഷിക്കണം; കെകെ റോഡരികില്‍ പണികിട്ടാം
1543442
Thursday, April 17, 2025 11:45 PM IST
കോട്ടയം: അറ്റകുറ്റപ്പണികളുടെ ഭാഗമായി കോട്ടയം മുതല്‍ വാഴൂര്‍ ചെങ്കല്‍ വരെ റീടാറിംഗ് നടത്തിയ കോട്ടയം-കുമളി (എന്‍എച്ച് 183) പാതയുടെ ഇരുവശങ്ങളിലെയും എഡ്ജും പല ഭാഗങ്ങളിലെയും ഉയരവ്യത്യാസവും യാത്ര ദുഃസഹമാക്കുന്നു. കൊടുംവളവുകളും കയറ്റവും ഇറക്കവുമുള്ള മലയോരപാതയില്‍ ചെറുവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവായി. റോഡ് നവീകരിച്ചതോടെ ഇരുവശത്തുമുള്ള ഉയരം കൂടി. ചെറുവാഹനങ്ങളുടെ അടിവശം ഇടിച്ച് വാഹനങ്ങള്‍ക്കു കേടു പറ്റുന്നതും പതിവായി.
റോഡരികിലെ ഉയരവ്യത്യാസം മാറ്റണമെങ്കില്‍ ഇരുവശങ്ങളും കോണ്‍ക്രീറ്റ് ചെയ്യുകയോ മണ്ണിടുകയോ വേണമെന്നും ഇതിനുള്ള അനുമതിയും ഫണ്ടും ലഭിച്ചിട്ടില്ലെന്നും ദേശീയപാത നിര്‍മാണ വിഭാഗം പറയുന്നു. ഇരുവശങ്ങളിലും മണ്ണിട്ട് അപകടം ഒഴിവാക്കാനുള്ള നടപടിയുമില്ല. മണ്ണിട്ടാലും കനത്ത മഴയില്‍ മണ്ണ് ഒലിച്ചുപോകാനിടയുള്ളതിനാല്‍ കോണ്‍ക്രീറ്റ് ചെയ്യുകയോ ടൈല്‍ പാകുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ നിര്‍ദേശം.
അട്ടിവളവ് എക്കാലവും മരണക്കെണി
കോട്ടയം: ജില്ലയിലെ റോഡുകളില്‍ ഏറ്റവും അപകട സ്പോട്ടായ അട്ടിവളവില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനാവുന്നില്ല. എരുമേലി-പമ്പ തീര്‍ഥാടനപാതയില്‍ കണമല കടവിലേക്കുള്ള കുത്തിറക്കത്തിലെ കൊടുംവളവില്‍ എത്ര അപകടം നടന്നു എന്നതിന് കണക്കില്ല. ചെറുതും വലുതുമായ നൂറിലേറെ അപകടങ്ങളിലായി ഇതോടകം മരിച്ചത് 50 പേരാണ്്. പരിക്കേറ്റവരുടെ എണ്ണം ആയിരത്തിലേറെ.
എരുമേലി മുതല്‍ പമ്പ വരെ വരെയുള്ള നൂറിലേറെ കൊടുംവളവുകളില്‍ എക്കാലവും അപകടം പതിയിരിക്കുന്ന അട്ടിവളവില്‍ ശാശ്വത സുരക്ഷയൊരുക്കുന്നതിലെ വീഴ്ച ചെറുതല്ല. ഐഐടി, നാറ്റ്പാക് ഉള്‍പ്പെടെ ഒട്ടേറെ വിഭാഗങ്ങള്‍ നിരവധി പഠനങ്ങള്‍ നടത്തി സുരക്ഷയൊരുക്കിയിട്ടും അട്ടിവളവ് മരണക്കെണിയായി തുടരുന്നു. റോഡ് ഉയര്‍ത്തി വളവ് നിവര്‍ക്കാനുള്ള നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല.
ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറക്കം ഇറങ്ങുന്ന ഏതു വാഹനവും അട്ടിവളവില്‍ നിയന്ത്രണം നഷ്ടപ്പെടും. സഡന്‍ ബ്രേക്ക് ഇട്ടാല്‍ വാഹനം വട്ടം മറിഞ്ഞ് റോഡിലേക്കോ കൊക്കയിലേക്കോ പതിക്കുകയാണു പതിവ്. മകരവിളക്ക് സീസണില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ക്കശമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്. നടതുറക്കുന്ന മറ്റ് ദിവസങ്ങളില്‍ ജാഗ്രത പരിമിതമാണ്.