ത്യാഗപൂർവം നീന്തുനേർച്ചയിൽ പങ്കെടുത്ത് വിശ്വാസികൾ
1543413
Thursday, April 17, 2025 10:38 PM IST
കുടമാളൂർ: കേരളത്തിലെ പ്രമുഖ വിശുദ്ധവാര തീർഥാടന കേന്ദ്രമായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രത്തിൽ പ്രധാന നേർച്ചയായ നീന്തുനേർച്ച ആരംഭിച്ചു. രാവിലെ ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടത്തിന്റെ പ്രത്യേക പ്രാർഥനയോടെ നീന്തുനേർച്ച ആരംഭിച്ചു. ആദ്യം ആർച്ച്പ്രീസ്റ്റും സഹവൈദികരും പിന്നെ ഇടമുറിയാതെ നാനാജാതി മതസ്ഥരായ ഭക്തജനങ്ങളും ത്യാഗപൂർവം നീന്തുനേർച്ചയിൽ പങ്കാളികളായി.
പള്ളിയുടെ പടിഞ്ഞാറുവശത്തുള്ള കൽക്കുരിശിനു മുന്നിൽ തിരികൾ കത്തിച്ച് നേർച്ച സമർപ്പിച്ച ശേഷം പഴയ പള്ളിയുടെ കവാടം വരെയാണ് ഭക്തജനങ്ങൾ മുട്ടിൽ നീന്തുന്നത്. പഴയപള്ളിയിൽ പ്രതിഷ്ഠിച്ചിട്ടുള്ള പങ്കപ്പാട് തിരുസ്വരൂപത്തെ ചുംബിച്ച് പാപപരിഹാരത്തിനും വിവിധ നിയോഗങ്ങൾക്കുമായുള്ള പ്രാർഥനകൾ അർപ്പിച്ചാണ് ഭക്തജനങ്ങളുടെ മടക്കം. ഇന്നു പകലും നീന്തുനേർച്ച തുടരും.
ഇന്നലെ പെസഹാ തിരുക്കർമങ്ങൾക്കു ശേഷം പഴയ പള്ളിയിലേക്ക് വിശുദ്ധ കുർബാനയുടെ പ്രദക്ഷിണം നടത്തി. തുടർന്ന് ആരംഭിച്ച ദിവ്യകാരുണ്യ ആരാധന ഇന്ന് രാവിലെ 8.30ന് സമാപിക്കും. നീന്തുനേർച്ചയിലും പള്ളിയിൽ രാത്രിയിൽ നടന്ന അഖണ്ഡ ആരാധനയിലും വിവിധ ദേശങ്ങളിൽനിന്നെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കാളികളാകും.
പീഡാനുഭവ പ്രദർശന ധ്യാനം ഇന്ന്
വിഖ്യാതമായ പീഡാനുഭവ പ്രദർശന ധ്യാനം ഇന്നു നടത്തും. പള്ളിമൈതാനത്ത് സജ്ജീകരിച്ച പ്രത്യേക വേദിയിൽ രാത്രി 7.15ന് പീഡാനുഭവ പ്രദർശന ധ്യാനം ആരംഭിക്കും.
പീഡാനുഭവ വെള്ളിയുടെ ധ്യാനവിഷയങ്ങളും സംഭവങ്ങളും ദൃശ്യവത്കരിക്കപ്പെടുന്നതാണ് കുടമാളൂരിലെ പ്രത്യേകത. കൺപോളകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന, കൈകാലുകൾ ചലിപ്പിക്കാവുന്ന തിരുസ്വരൂപമാണ് പീഡാനുഭവ പ്രദർശനത്തിനായി ഉപയോഗിക്കുന്നത്.
ഈശോയുടെ തിരുവത്താഴം, ഗദ്സമെനിലെ പ്രാർഥന, പീലാത്തോസിന്റെ അരമനയിലെ വിചാരണ, കുരിശിന്റെ വഴിയിൽ മാതാവുമായുള്ള കൂടിക്കാഴ്ച, കർത്താവിന്റെ തിരുമുഖം വേറോനിക്ക തൂവാലയിൽ ഒപ്പിയെടുക്കുന്നത്, ശെമയോൻ ഈശോയെ സഹായിക്കുന്നത്, ഈശോയുടെ കുരിശുമരണം, ദൈവപുത്രന്റെ മേനി മാതാവ് മടിയിൽ കിടത്തുന്നത് തുടങ്ങിയവയെല്ലാം ദൃശ്യവത്കരിക്കപ്പെടുന്നു. ദൃശ്യങ്ങളോടൊപ്പവും സന്ദേശം നൽകും. ഈ വർഷം ഫാ. ജോസഫ് പുതുവീടാണ് സന്ദേശം നൽകുന്നത്.
വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പീഡാനുഭവ തിരുക്കർമങ്ങളിൽ അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ആന്റണി എത്തയ്ക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ഫാ. ആന്റണി തറേക്കടവിൽ വചനസന്ദേശം നൽകും.