ജിസ്മോളുടെയും മക്കളുടെയും പോസ്റ്റ്മോർട്ടം നടത്തി
1543103
Wednesday, April 16, 2025 11:56 PM IST
കോട്ടയം: അയര്‍ക്കുന്നത്ത് മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ നീറിക്കാട് തൊണ്ണമ്മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ (5), നോറ (2) എന്നിവരുടെ മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ജിസ്മോളുടെ കൈയിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പിന്നില്‍ നടുവിനു മുകളില്‍ മുറിവുണ്ട്. മക്കളുടെ വയറ്റില്‍ അണുനാശിനിയുടെ അംശവും കണ്ടെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൂന്ന് മൃതദേഹവും പാലയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.
കോട്ടയം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ വിശദമായ ഇന്‍ക്വസ്റ്റിന് ശേഷമാണ് ജിസ്മോളുടെയും മക്കളായ നേഹയുടെയും നോറയുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നതായി ഇന്നലെ തന്നെ വിവരമുണ്ടായിരുന്നു. അയര്‍ക്കുന്നം പോലീസ് ഭര്‍ത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനമാണ് മകളുടെയും കുട്ടികളുടെയും മരണത്തിന് ഇടയാക്കിയതെന്ന് ജിസ്മോളുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.