ആത്മഹത്യ അരുതേ... പോലീസിനെ സമീപിക്കൂ...
1543100
Wednesday, April 16, 2025 11:56 PM IST
എസ്എച്ച്ഒ എ.എസ്. അൻസലിന്റെ
ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു
ഏറ്റുമാനൂർ: ഒന്നര മാസത്തിനുള്ളിൽ അമ്മമാർ മക്കളെയുമായി ജീവനൊടുക്കിയ രണ്ടു സംഭവങ്ങൾ. രണ്ടു സംഭവങ്ങളിലും മേൽനടപടികൾക്ക് നേതൃത്വം നൽകേണ്ടി വന്ന ഏറ്റുമാനൂർ എസ്എച്ച്ഒ ഇൻസ്പെക്ടർ എ.എസ്. അൻസലിന്റെ ഉള്ളുലയ്ക്കുന്ന ഫേസ്ബുക്ക് കുറിപ്പിന് വളരെ പെട്ടെന്ന് വൻ പ്രചാരമാണ് ലഭിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ 2025, ജനുവരി ഒന്ന് മുതൽ മാർച്ച് 30 വരെ 700 പരാതികൾ. (കോട്ടയം ജില്ലയിൽ തന്നെ കൂടുതൽ, അതിൽ 500 ഓളം കുടുംബ പ്രശ്നങ്ങൾ). ഇതിൽ ഒരു 10 ശതമാനം അടുത്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല എന്ന് പറഞ്ഞു വിലപിക്കുന്നവർ.
ഇത്തരത്തിൽ മദ്യപിച്ചു കുടുംബങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്ന ആളുകൾ കുടുംബങ്ങളിൽ പോയി വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വന്നു രാത്രി എട്ടിനു ശേഷം ഒപ്പിടൽ. ദിവസവും 100 ഓളം ആളുകൾ വിവിധ ദിവസങ്ങളിൽ ഒപ്പിടുന്ന ഒരു സ്റ്റേഷൻ ആണ് ഏറ്റുമാനൂർ. ഒപ്പിടാൻ വന്നില്ലെങ്കിൽ വളരെ കൃത്യമായി അവരെ വിളിച്ചു ചോദിക്കും എന്താണ് വരാത്തത് എന്ന്. ഒപ്പിടൽ നിർത്തണം എങ്കിൽ ഭാര്യ പറയണം.
ചേട്ടൻ ഇപ്പോൾ കുഴപ്പം ഇല്ല സർ, ഒപ്പിടൽ നിർത്തിക്കോ. ഇതു പോലെ വളരെ കൃത്യമായിട്ടു മേൽനോട്ടവും ആത്മാർഥമായ സേവനവും നടത്തി ആണ് ഏറ്റുമാനൂർ പോലീസ് 100 കണക്കിന് ആത്മഹത്യകൾ തടഞ്ഞു കൊണ്ടിരിക്കുന്നത്.
എന്നാൽ, കഴിഞ്ഞ രണ്ടു മാസം മുമ്പ് ചിതറിത്തെറിച്ച ഷൈനിയും രണ്ട് കുഞ്ഞു ശരീരങ്ങളും. മെഡിക്കൽ കോളജ് ഇൻക്വസ്റ്റ് ടേബിളിൽ പെറുക്കിവച്ച് ഇൻക്വസ്റ്റ് നടത്തുമ്പോൾ എന്റെ സിദ്രുവിന്റെയും അയനയുടെയും മുഖങ്ങൾ മനസിൽ മാറി വന്നു. ഒരു തവണയെങ്കിലും സ്റ്റേഷനിൽ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ചു പോയ നിമിഷം. ഒരു തരം യാന്ത്രികമായി ആ ജോലി കഴിഞ്ഞ് ഇന്നലെ വീണ്ടും സമാന സംഭവം. ഒരു അമ്മയും രണ്ട് കുട്ടികളും. ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസിൽ നിന്നു പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടയ്ക്കാൻ പറ്റാത്ത അവസ്ഥ....
ഫേസ്ബുക്ക് കുറിപ്പിനു പിന്നാലെ മാധ്യമങ്ങൾ എ.എസ്. അൻസലിന്റെ പ്രതികരണം തേടി. ആത്മഹത്യയുടെ വക്കോളം എത്തി നിൽക്കുന്ന കുടുംബ പ്രശ്നങ്ങൾ വർധിച്ചു വരികയാണെന്ന് അദ്ദേഹം പറയുന്നു. സ്വയം പരിഹരിക്കാനാകാത്ത പ്രശ്നങ്ങളുണ്ടായാൽ പോലീസിനെ സമീപിക്കാൻ മടിക്കണ്ട. വിലപ്പെട്ട ജീവനുകൾക്ക് കരുതൽ നൽകാൻ ജനമൈത്രി പോലീസ് ഉണ്ടെന്ന് എ.എസ്. അൻസലിന്റെ ഉറപ്പ്.