മാലിന്യനിർമാർജനത്തിൽ ഉഴവൂർ ബ്ലോക്കിന് അംഗീകാരം
1543134
Wednesday, April 16, 2025 11:57 PM IST
കുറവിലങ്ങാട്: മാലിന്യമുക്തം നവകേരളം കാമ്പയിനിൽ ബ്ലോക്കുതലത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ അവാർഡ് ബ്ലോക്കിന് ലഭിക്കും.
ഉഴവൂർ ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും വാർഷിക പദ്ധതി ഫണ്ട്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട്, സിഎസ്ആർ ഫണ്ട്, സന്നദ്ധ സേവനം എന്നിവ സംയോജിപ്പിച്ച് പ്രാദേശിക സഹകരണം വഴി തുടർപരിപാലനവും പ്രവർത്തനങ്ങളും ഉറപ്പാക്കി നിലനിൽക്കുന്ന മാതൃകകൾ സൃഷ്ടിക്കാൻ കഴിഞ്ഞതാണ് അവാർഡിന് അർഹമാക്കിയത്.
ജൈവ, അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഹരിത കർമസേന വഴി യൂസർ ഫീ ശേഖരിക്കുന്നതിലും ശുചിത്വ മാലിന്യ സംസ്കരണരംഗത്തും എല്ലാ ഗ്രാമപഞ്ചായത്തുകളും മികച്ച പ്രവർത്തനം നടത്തിയതും ബ്ലോക്കിന്റെ അവാർഡ് നേട്ടത്തിന് സഹായകമായതായി പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സെക്രട്ടറി ജോഷി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ സ്മിത അലക്സ്, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ. രാമചന്ദ്രൻ, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ എസ്.വി. മുകുൾ എന്നിവർ പറഞ്ഞു.