കാൽകഴുകലിലൂടെ വിനയമെന്തെന്ന് ക്രിസ്തു ലോകത്തിന് കാട്ടിക്കൊടുത്തു: കാതോലിക്കാ ബാവാ
1543450
Thursday, April 17, 2025 11:45 PM IST
വാഴൂർ: ആരാണ് വലിയവൻ എന്ന ശിഷ്യന്മാരുടെ തർക്കത്തിന് യേശുക്രിസ്തു നൽകിയ ഉത്തരമാണ് മഹത്തരമായ കാൽകഴുകലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. പെസഹാദിനത്തിൽ മാതൃദേവാലയമായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു കാതോലിക്കാബാവാ.
കാൽകഴുകൽ ശുശ്രൂഷയിൽ ആറ് കോർ എപ്പിസ്കോപ്പാമാരുടെയും ആറ് വൈദികരുടെയും കാലുകൾ കഴുകി. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, സഭയിലെ കോർ എപ്പിസ്കോപ്പമാർ, റമ്പാൻമാർ, വൈദികർ തുടങ്ങി നിരവധിപേർ ശുശ്രൂഷകളിൽ പങ്കെടുത്തു.
ദുഃഖവെള്ളിയാഴ്ച നടക്കുന്ന ആരാധനകൾക്ക് കാതോലിക്കാബാവാ മുഖ്യകാർമികത്വം വഹിക്കുമെന്ന് വികാരി ഫാ. ബിറ്റു കെ. മാണി, സഹവികാരി ഫാ. ജേക്കബ് ഫിലിപ്പോസ് എന്നിവർ അറിയിച്ചു.