റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങളെത്താന് വൈകുന്നു; റേഷന്‍ വ്യാപാരികളുടെ ധര്‍ണ 21ന്
1543678
Friday, April 18, 2025 7:04 AM IST
ചങ്ങനാശേരി: ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളിലെത്താന്‍ വൈകുന്നതിനെതിരേ റേഷന്‍ വ്യാപാരികള്‍ 21ന് 1.30ന് എകെആര്ആര്ഡിഎയുടെ നേതൃത്വത്തില്‍ എന്എഫ്എസ്എക്കു മുമ്പില്‍ ധര്‍ണ നടത്തും.
താലൂക്ക് പ്രസിഡന്റ് രമേശ്കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുരളീധരന് ഉദ്ഘാടനം ചെയ്യും. സംഘടനാ വ്യത്യാസമില്ലാതെ മുഴുവന്‍ റേഷന്‍ വ്യാപാരികളും ധര്‍ണയില്‍ പങ്കെടുത്ത് ധര്‍ണ വിജയിപ്പിക്കണമെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
18-ാം തീയതിയായിട്ടും ഈ മാസത്തെ ഭക്ഷ്യസാധനങ്ങള്‍ ചങ്ങനാശേരി താലൂക്കിലെ റേഷന്‍ കടകളില്‍ എത്തിച്ചേര്‍ന്നിട്ടില്ല. ഇതുമൂലം വിഷു, ഈസ്റ്റര്‍ ഉത്സവ സീസണുകളില്‍ ഉപഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം നടത്താന്‍ സാധിച്ചില്ല. റേഷന്‍ വിതരണം യഥാസമയം നടത്താന്‍ കഴിയാത്തത് റേഷന്‍ വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
എന്‍എഫ്എസ്എ അധികൃതരുടെ മെല്ലെപ്പോക്കുനയം മൂലമാണ് റേഷന്‍ കടകളില്‍ സാധനസാമഗ്രികളെത്താന് കാലതാമസം നേരിടുന്നതെന്നാണ് റേഷന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.