ബംഗളൂരുവില്‍നിന്നു കോട്ടയം വഴി കൊല്ലത്തേക്ക് സ്പെഷല്‍ ട്രെയിനുകള്‍
1543396
Thursday, April 17, 2025 7:18 AM IST
ചങ്ങനാശേരി: ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരില്നിന്നു മധ്യതിരുവതാംകൂറിലേക്കുള്ള ട്രെയിന്‍ യാത്ര സുഗമമാക്കുന്നതിനായി ബംഗളൂരില്നിന്നു കോട്ടയം വഴി കൊല്ലത്തേക്ക് രണ്ട് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിപ്പിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
ട്രെയിന്‍ നമ്പര്‍ 06577/06578 എസ്എംവിടി ബംഗളൂരു-കൊല്ലം എസ്എംവിടി ബംഗളൂരു സ്പെഷല്‍ ഏപ്രില്‍ 17ന് ബംഗളൂരുവില്‍നിന്ന് യാത്ര തിരിക്കും. 18ന് കൊല്ലത്തുനിന്നു ബാംഗളൂരിലേക്ക് തിരികെ പോകും.
ട്രെയിന്‍ നമ്പര്‍ 06585/06586 എസ്എംവിടി ബംഗളൂരു-കൊല്ലം എസ്എംവിടി ബംഗളുരു സ്പെഷല്‍ ഏപ്രില്‍ 19ന് ബംഗളൂരുവിൽനിന്നും കൊല്ലത്തേക്ക് യാത്രതിരിക്കും. 20ന് കൊല്ലത്തു നിന്നും ബംഗളൂരുവിലേക്ക് തിരികെ പോകും.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയില്‍വേ മന്ത്രിയോട് പ്രത്യേകമായി ആവശ്യപ്പെട്ടാണ് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിപ്പിച്ചത്. ഇരു ട്രെയിനുകളും ഓരോ സര്‍വീസ് വീതമായിരിക്കും നടത്തുക. മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ ചങ്ങനാശേരി, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ ഇരു ട്രെയിനുകള്‍ക്കും സ്റ്റോപ്പ് ഉണ്ട്.
ബംഗളൂരുവിലും കേരളത്തിലുമായി ജോലി ചെയ്യുന്ന ഒട്ടനവധി തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസം നല്കുന്ന രീതിയിലാണ് ഈ സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും കൊല്ലം വഴി കൂടുതല്‍ റൂട്ടുകളില്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേ അധികൃതരോടു തുടര്‍ച്ചയായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും എംപി അറിയിച്ചു.
ഇരു ട്രെയിനുകളിലും ഓരോ എസി, 2 ടയര്‍, 3 ടയര്‍ കോച്ചുകളും 8 സ്ലീപ്പര്‍ കോച്ചുകളും നാലു വീതം ജനറല്‍ കോച്ചുകളും രണ്ട് സെക്കന്‍ഡ് സിറ്റിംഗ് കോച്ചുകളും ഉണ്ടായിരിക്കും.