ലഹരി ആപത്താണ് നാടിനും വീടിനും; അവബോധ ക്ലാസ് സമാപിച്ചു
1543441
Thursday, April 17, 2025 11:45 PM IST
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ വിവിധ രൂപതകളിലെ സൺഡേ സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ അവബോധ ക്ലാസുകൾ സമാപിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വികാരി ഫാ. തോമസ് പനക്കക്കുഴി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. മൈക്കിള്‍ നടുവിലേക്കുറ്റ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, ക്രിസ്റ്റി ജോസ്, ആവണി സജീവ്, ഷിബിന്‍ സെബാസ്റ്റ്യന്‍, ഫാ. ജോസഫ് വാഴപ്പനാടി, അക്ഷയ് മോഹൻദാസ്, പി.ആര്. രതീഷ് എന്നിവർ ക്ലാസുകള്‍ നയിച്ചു.
ലഹരിക്കെതിരേയുള്ള ഹ്രസ്വ ചിത്രപ്രദർശനവും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ പ്രതിപാദിക്കുന്ന ലഘുലേഖ വിതരണവും നടത്തി. സെന്റ് ആന്റണീസ് കോളജ് ജീസസ് യൂത്ത് ടീം തയാറാക്കിയ പ്രാർഥനയും ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലി. ഈ വർഷം കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, പാലാ രൂപതകളിലും മലങ്കര അതിരൂപതയിലുമായി 81 സൺഡേ സ്കൂളുകൾ സന്ദർശിച്ച് അവബോധ ക്ലാസുകൾ സംഘടിപ്പിക്കാനായെന്ന് പ്രിൻസിപ്പൽ ആന്റണി ജോസഫ് കല്ലമ്പള്ളിയും ചെയർമാൻ ബെന്നി തോമസും പറഞ്ഞു.
കാഞ്ഞിരമറ്റം എകെസിസി
കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം എകെസിസി യൂണിറ്റ് സമൂഹത്തില്‍ വളര്‍ന്നുവരുന്ന ലഹരിക്കെതിരേ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. യൂണിറ്റ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളത്തിന്റെ അധ്യക്ഷതയില്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് മണ്ണനാല് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റോബേഷ്, ജയ്മോന് പുത്തന്‍പുരയ്ക്കല്‍, ഡാന്‍ഡീസ് കൂനാനിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.