സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യഗ്രഹം മാടപ്പള്ളി സമരം നാലാം വര്‍ഷത്തിലേക്ക്; സമരസംഗമം 21ന്
1543674
Friday, April 18, 2025 7:04 AM IST
മാടപ്പള്ളി: സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കുക, സമരക്കാര്‍ക്കെതിരേ എടുത്തിട്ടുളള വ്യാജക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ല കമ്മിറ്റി മാടപ്പള്ളിയില്‍ നടത്തിവരുന്ന സത്യഗ്രഹസമരം നാലാം വര്‍ഷത്തിലേക്ക്.
21ന് രാവിലെ 10ന് മാടപ്പള്ളി സമരപ്പന്തലില്‍ സമരസംഗമം രാഷ്ട്രീയ നിരീക്ഷികന്‍ അഡ്വ. പ്രമോദ് പുഴങ്കര ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും.
2022 മാര്‍ച്ച് 17ന് മാടപ്പള്ളി റീത്തുപളളി ജംഗ്ഷനില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും സ്ത്രീകളെയടക്കം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സ്ഥലത്താണ് 2022 ഏപ്രില്‍ 20ന് സ്ഥിരം സമരപ്പന്തല്‍ കെട്ടി സമരം തുടങ്ങിയത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി മേഖലകളില്‍പെട്ട 99 സംഘടനകള്‍ സമരപ്പന്തലില്‍ സത്യഗ്രഹസമരം നടത്തി.
പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനുവേണ്ടി 2021 ഓഗസ്റ്റ് 18നും ഒക്ടോബര്‍ 30നും സ്ഥലത്തിന്റെ സര്‍വേ നമ്പരുകളും ബ്ലോക്കു നമ്പരും ഉള്‍പ്പെടുത്തി ഇറക്കിയ ഉത്തരവു പിന്‍വലിച്ചു ഭൂവുടമകള്‍ക്ക് സ്ഥലം ക്രയവിക്രയം നടത്തുന്നതിനും ബാങ്ക് ലോണ്‍ ലഭിക്കുന്നതിനും അവസരം ഒരുക്കണമെന്നും കേരള ജനത തള്ളിക്കളഞ്ഞ സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ ആവശ്യപ്പെട്ടു.