പാപ്പന് ചേട്ടന് 83-ാം വയസിലും പത്രവും വാര്‍ത്തയുമായി ജനപക്ഷത്തുണ്ട്
1543403
Thursday, April 17, 2025 3:50 PM IST
കോട്ടയം: ദിവസവും പുത്തന്‍ വാര്‍ത്തകളുള്ള പത്രവുമായി കെ.ജെ. ജോസഫ് എന്ന പാപ്പന് ചേട്ടന് വായനക്കാരുടെ മുന്നിലെത്താന്‍ തുടങ്ങിയിട്ട് ആറു പതിറ്റാണ്ടായി 83-ാം വയസിലും പത്ര വിതരണത്തില്‍ ഇദ്ദേഹത്തിന് മുടക്കമില്ല. കോട്ടയം ജില്ലയില്‍ അകലക്കുന്നം പഞ്ചായത്തിലെ കരിമ്പാനി, മണ്ണൂര്‍ പള്ളി, മണല്‍, വടക്കേടത്തുപീടിക, വെള്ളറ, പൂവത്തളപ്പ് പ്രദേശക്കാരുടെ പത്ര ഏജന്റാണ് പാപ്പന് ചേട്ടന്.
1963ല്‍ ദീപിക പത്രത്തിന്റെ ഏജസിയുമായാണ് തുടക്കം. അന്നൊക്കെ അയര്‍ക്കുന്നം, മണര്‍കാട് എന്നിവിടങ്ങളില്‍ പത്രം ജീപ്പിലെത്തിക്കും. അവിടെ നിന്ന് പത്രകെട്ടുകള്‍ തലചുമടായി എത്തിച്ചായിരുന്നു വിതരണം. പിന്നീട് സൈക്കിളും സ്കൂട്ടറുമൊക്കയായി.
പുലര്‍ച്ചെ മൂന്നിന് അയര്‍ക്കുന്നത്തെത്തി പത്രകെട്ടുകള്‍ എടുക്കുന്ന പാപ്പന് ചേട്ടന്റെ പത്ര വിതരണം തീരുമ്പോള്‍ ഉച്ചയാകുമായിരുന്നു. അതിരാവിലെയുള്ള ബസുകളില്‍ കയറി സീറ്റിലിരുന്നും പത്രവിതരണം നടത്തിയിരുന്നു. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും ഇപ്പോഴും പത്രവിതരണത്തില്‍ പാപ്പന് ചേട്ടന് സജീവമാണ്.
പത്ര വിതരണത്തിനു ശേഷം നാട്ടുവാര്‍ത്തകളും പരസ്യങ്ങളുമായി ദീപിക ഉള്‍പ്പെടെയുള്ള പത്ര ഓഫീസുകളില്‍ നേരിട്ടെത്തുകയും ചെയ്യും. ഏജന്‍സി കമ്മീഷനിലൂടെ ലഭിക്കുന്ന വരുമാനമാണ് പാപ്പന് ചേട്ടന്റെ ജീവിതമാര്‍ഗം. മക്കളെ നല്ല നിലയില്‍ വളര്‍ത്തി ഉന്നത നിലയിലെത്തിക്കാനും കുടുംബം മുന്നോട്ടു പോകാനും പത്രം ഏജന്‍സിയാണ് സഹായിച്ചതെന്നും ആരോഗ്യവും ആയുസും അനുവദിക്കുന്ന കാലം വരെഈ ജോലിയുമായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹമെന്നും പാപ്പന് ചേട്ടന് പറയുന്നു.
പത്രവിതരണ തിരക്കുകള്‍ക്കിടയിലും ദിവസവും രാവിലെ കരിമ്പാനി പള്ളിയിലെത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഇദ്ദേഹം സമയം കണ്ടെത്തുന്നു. ഭാര്യ കാതറൈനമ്മ. നാലു മക്കളാണുളളത്.