അന്ത്യത്താഴ സ്മരണയിൽ വിശ്വാസികൾ...
1543446
Thursday, April 17, 2025 11:45 PM IST
പെസഹ കുടുംബങ്ങളിലെ സംരക്ഷണം
ഓർമിപ്പിക്കുന്നു: ആർച്ച്പ്രീസ്റ്റ്
കുറവിലങ്ങാട്: കുടുംബങ്ങൾ സമ്മാനിക്കുന്ന സംരക്ഷണത്തിന്റെ ഓർമപ്പെടുത്തലാണ് പെസഹ സമ്മാനിക്കുന്നതെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി പറഞ്ഞു. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിലെ പെസഹാ ആചരണത്തോടനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു ആർച്ച്പ്രീസ്റ്റ്.
ധനാസക്തി, ജഡികാസക്തി, മയക്കുമരുന്ന് തുടങ്ങിയവ കുടുംബങ്ങളെ ദുർബലമാക്കുന്ന ലോകത്താണ് ഇന്നത്തെ കുടുംബങ്ങൾ. കുടുംബങ്ങളാണ് രക്ഷാകേന്ദ്രങ്ങളെന്ന ഓർമപ്പെടുത്തൽ പെസഹ നൽകുന്നു. കുടുംബരൂപീകരണവും വിവാഹാന്തസും മാറ്റിവയ്ക്കുന്നത് ശരിയല്ലെന്ന് പെസഹാ ഓർമിപ്പിക്കുന്നുണ്ട്.
സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ പാറപ്ലാക്കൽ, ഫാ. ആന്റണി വാഴക്കാലാ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ എന്നിവർ സഹകാർമികരായി. ദുഃഖവെള്ളിയാചരണത്തിന്റെ തിരുക്കർമങ്ങൾ ഇന്ന് ഏഴിന് ആരംഭിക്കും. നഗരികാണിക്കൽ ശുശ്രൂഷയും നടക്കും. മൂന്നിന് പാനവായന. നാലിന് കോഴാ മാർ യൗസേപ്പ് കപ്പേളയിലേക്ക് ആഘോഷമായ കുരിശിന്റെ വഴി.
ശനിയാഴ്ച ഏഴിന് തിരുക്കർമങ്ങൾ തുടങ്ങും. ഉയിർപ്പ് തിരുനാളിൽ പുലർച്ചെ മൂന്ന്, 5.30, ഏഴ്, 8.45 , വൈകുന്നേരം 4.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന.