അഭിഭാഷകയുടെയും മക്കളുടെയും മരണം ; യഥാർഥ കാരണം കണ്ടെത്തണമെന്ന് ബന്ധുക്കൾ
1543443
Thursday, April 17, 2025 11:45 PM IST
മുത്തോലി: മുൻ പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോൾ കുട്ടികൾക്കൊപ്പം ജീവനൊടുക്കിയ സംഭവത്തിനു പിന്നിലെ യഥാർഥ കാരണം കണ്ടുപിടിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
മരണവാർത്തയറിഞ്ഞ് യുകെയിൽനിന്നെത്തിയ ജിസ്മോളുടെ പിതാവ് തോമസും സഹോദരൻ ജിറ്റുവുമാണ് ഈ ആവശ്യം ഉന്നയിച്ചത്. ഭർത്താവിൽനിന്നും ഭർതൃമാതാവിൽനിന്നും ഭർതൃസഹോദരിയിൽനിന്നും ജിസ്മോൾക്ക് മാനസിക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞ പിതാവ് തോമസ്, ആത്മഹത്യ ചെയ്തതിന്റെ തലേദിവസം വീട്ടിൽ സംഭവിച്ചതെന്താണെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
കുറച്ചുനാളുകൾക്കു മുൻപ് ജിസ്മോളുടെ തലയിൽ കണ്ട മുറിവ് വാതിലിൽ തലയിടിച്ചുണ്ടായതാണെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് ഭർത്താവിന്റെ മർദനം മൂലമാണെന്ന് വ്യക്തമായതായി കുടുംബാംഗങ്ങൾ പറയുന്നു. അഭിഭാഷകയായ ജിസ്മോൾക്ക് ഓഫീസ് ആരംഭിക്കാനായി ഭർത്താവ് ജിമ്മി നൽകിയ തുക ഒരാഴ്ച കഴിഞ്ഞപ്പോൾ തിരികെ ചോദിച്ചതായും സഹോദരനും പിതാവും പറഞ്ഞു.
ബന്ധു വീടുകളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നത് തടസപ്പെടുത്തിയിരുന്നു. ഇവരോടൊപ്പം താമസിച്ചിരുന്ന ഭർതൃമാതാവും ഭർതൃസഹോദരിയും ജിസ്മോളെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കെ പെട്ടെന്ന് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്തെന്ന് കണ്ടെത്തണമെന്ന ആവശ്യമാണ് കുടുംബാംഗങ്ങൾക്കുള്ളത്. ജിസ്മോളുടെയും മക്കളായ നേഹ (05), നോറ (02) എന്നിവരുടെ സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും.