ഇന്ന് സഹനങ്ങളുടെ ദുഃഖവെള്ളി ; കുരിശിന്റെ വഴിയേ വിശ്വാസികള്‍
1543414
Thursday, April 17, 2025 10:38 PM IST
കോട്ടയം: അനുഷ്ഠാനങ്ങളോടെ പെസഹാ ആചരണത്തിനുശേഷം യേശുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ക്രൈസ്തവലോകം ഇന്ന് ദുഃഖവെള്ളി ആചരിക്കും. ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ ഉണ്ടായിരിക്കും. പീഡാനുഭവ വായന, കുരിശിന്റെ വഴി, നഗരികാണിക്കല്‍, സ്ലീവാ വണക്കം, പീഡാനുഭവ സന്ദേശം ആചരണങ്ങളോടെയാണ് ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍. ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി തീര്‍ഥാടനകേന്ദ്രങ്ങളിലും കുരിശുമലകളിലും ഇന്ന് കുരിശിന്റെ വഴിയേ വിശ്വാസികള്‍ എത്തും.
പുരാതനവും പ്രകൃതി രമണീയവുമായ കിഴക്കന്‍ കുരിശുമലയായ വാഗമണ്‍ കുരിശുമലയിലേക്ക് വിശ്വാസികളുടെ പ്രവാഹമാണ്. ഇന്നലെ രാത്രി മുതല്‍ കുരിശുമലയിലേക്ക് വിശ്വസികള്‍ കുരിശിന്റെ വഴിയേ എത്തി. ഇന്നു രാവിലെ ഒമ്പതിന് കല്ലില്ലാക്കവലയില്നിന്നു മലമുകളിലേക്ക് കുരിശിന്റെ വഴിയുണ്ടായിരിക്കും. രാവിലെ മുതല്‍ മലമുകളില്‍ നേര്‍ച്ചക്കഞ്ഞി വിതരണവുമുണ്ട്. അരുവിത്തുറ വല്യച്ചന്മലയിലേക്കും തീര്‍ഥാടകരുടെ തിരക്കാണ്.
ഇന്നു രാവിലെ ഒമ്പതിന് മലയടിവാരത്തുനിന്നു കുരിശിന്റെ വഴി ആരംഭിക്കും. അറുനൂറ്റിമംഗലം, തുമ്പച്ചി, കരുവള്ളിക്കാട്, കൂവപ്പള്ളി, പിഴക് വ്യാകുല സങ്കേതം, പാമ്പൂരാംപാറ, ഏഴാച്ചേരി ഫാത്തിമാഗിരി, കുടക്കച്ചിറ സെന്റ് തോമസ് മൗണ്ട്, തിടനാട് ഊട്ടുപാറ, കുറവിലങ്ങാട് മുത്തിയമ്മ മല എന്നിവിടങ്ങളിലും നൂറുകണക്കിനു വിശ്വാസികള്‍ കുരിശിന്റെ വഴിയേ പ്രാര്‍ഥനാപൂര്‍വം എത്തും. പാലാ ടൗണിലും അതിരമ്പുഴയിലും വൈകുന്നേരം ടൗണ്‍ ചുറ്റിയുള്ള ആഘോഷമായ കുരിശിന്റെ വഴി നടക്കും. ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ പാനവായനയും നടന്നു.
യേശു ശിഷ്യരോടൊപ്പം സെഹിയോന്‍ ഊട്ടുശാലയില് പെസഹ ആചരിച്ചതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും പാവനസ്മരണ പുതുക്കി ദേവാലയങ്ങളില്‍ ഇന്നലെ പെസഹാ ആചരണം നടന്നു. എളിമയുടെയും ലാളിത്യത്തിന്റെയും മാതൃകയായി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ സ്മരണ പുതുക്കി പാദക്ഷാളനവും ഉണ്ടായിരുന്നു.
പ്രമുഖ ദേവാലയങ്ങളിലും കത്തീഡ്രലുകളിലും ബിഷപ്പുമാര്‍ പാദക്ഷാളനത്തിനു കാര്‍മികത്വം വഹിച്ചു. വൈകുന്നേരം ഭവനങ്ങളില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് അനുഷ്ഠാനങ്ങളോടെ പെസഹ ആചരിച്ചു. ദുഃഖശനി ദിവസമായ നാളെ ദേവലായങ്ങളില്‍ പുത്തന്‍തീയും വെള്ളവും വെഞ്ചരിപ്പും മാമോദീസാ വ്രതനവീകരണവും ഉണ്ടായിരിക്കും.