പള്ളികളിൽ പെസഹാ ആചരണം ഭക്തിനിർഭരമായി
1543660
Friday, April 18, 2025 6:56 AM IST
അതിരമ്പുഴയിൽ ഇന്ന് നഗരംചുറ്റി കുരിശിന്റെ വഴി
അതിരമ്പുഴ: വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ള തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇന്ന് നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി നടക്കും. വൈകുന്നേരം അഞ്ചിന് വലിയ പള്ളിയിൽ നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. ടൗൺ കപ്പേളയിലെ സന്ദേശത്തിനുശേഷം പ്രധാന വീഥിയിലൂടെ വലിയപള്ളിയിലെത്തി ആശീർവാദത്തോടെ സമാപിക്കും. കുരിശിന്റെ വഴിയിൽ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് സംവഹിക്കപ്പെടും.
രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ആരാധന നടക്കും. ഇടവകാംഗങ്ങൾ കൂട്ടായ്മ അടിസ്ഥാനത്തിൽ കുരിശിന്റെ വഴി നടത്തി വലിയ പള്ളിയിലെത്തി ആരാധനയിൽ പങ്കെടുക്കും. 12.30ന് നേർച്ചക്കഞ്ഞി. ഉച്ചകഴിഞ്ഞ് രണ്ടിന് പീഡാനുഭവ തിരുക്കർമ്മങ്ങൾ ആരംഭിക്കും. നഗരി കാണിക്കലിനും തിരുസ്വരൂപ വണക്കത്തിനും ശേഷം അഞ്ചിന് വലിയ പള്ളിയിൽനിന്ന് നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി തുടങ്ങും.
നാളെ രാവിലെ 9.30ന് പൊതു മാമോദീസ. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, പുത്തൻ വെള്ളവും പുത്തൻ തീയും വെഞ്ചരിപ്പ്. ഞായറാഴ്ച പുലർച്ചെ 2.30ന് ഈസ്റ്റർ തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് വിശുദ്ധ കുർബാന. ആറിനും എട്ടിനും വിശുദ്ധ കുർബാന. വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ തിരുക്കർമങ്ങളിൽ മുഖ്യ കാർമികത്വം വഹിക്കും.
കാൽകഴുകലിലൂടെ വിനയമെന്തെന്ന് ക്രിസ്തു ലോകത്തിന് കാട്ടിക്കൊടുത്തു: കാതോലിക്കാ ബാവാ
വാഴൂർ: ആരാണ് വലിയവനെന്ന ശിഷ്യന്മാരുടെ തർക്കത്തിന് യേശുക്രിസ്തു നൽകിയ ഉത്തരമാണ് മഹത്തരമായ കാൽ കഴുകലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പെസഹാദിനത്തിൽ മാതൃദേവാലയമായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷക്ക് മുഖ്യ കാർമ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാൽകഴുകലിലൂടെ ക്രിസ്തു വിനയമെന്തെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. ഇന്ന് സ്നേഹത്തിന്റെയും സേവനത്തിന്റെയും പാത അകലെയാണ്. സ്വാർഥതയാൽ ലോകം മുഴുവൻ അസ്വസ്ഥമാണ്. അവസാനിക്കാത്ത യുദ്ധങ്ങളിൽ ഗാസയിലും യുക്രയനിലും കുഞ്ഞുങ്ങൾ കൂട്ടത്തോടെ കൊലചെയ്യപ്പെടുന്നു.
സഹനത്തിന്റെയും വിനത്തിന്റെയും മാർഗം നഷ്ടപ്പെടുന്നതിനാലാണ് ഇതെല്ലാം സംഭവിക്കുന്നത്. നമ്മുടെ നാട്ടിലും കുഞ്ഞുങ്ങളുമായി അമ്മമാർ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ കേൾക്കേണ്ടിവരുന്നു. ഇത് സങ്കടകരമാണ്. ദുഃഖിച്ചിരിക്കുന്നവർക്ക് തണലാകാൻ ഓരോരുത്തർക്കും കഴിയണമെന്നും ബാവാ പറഞ്ഞു.
വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പുലർച്ചെ രണ്ടിന് പെസഹാ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. ഉച്ചക്ക് 2.30ന് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, കോർ എപ്പിസ്ക്കോപ്പമാർ, റമ്പാന്മാർ, വൈദികർ, വൈദിക സെമിനാരി വിദ്യാർഥികൾ തുടങ്ങി നിരവധി പേർ ശുശ്രൂഷകളിൽ പങ്കെടുത്തു.
ഇന്ന് നടക്കുന്ന ദുഃഖവെള്ളി ആരാധനകൾക്ക് കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് വികാരി ഫാ. ബിറ്റു കെ. മാണി, സഹവികാരി ഫാ. ജേക്കബ് ഫിലിപ്പോസ് എന്നിവർ അറിയിച്ചു.
സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളി
തോട്ടയ്ക്കാട്: സെന്റ് ജോര്‍ജ് കത്തോലിക്ക പള്ളിയില്‍ ദുഃഖവെള്ളിയാചരണം ഇന്നു രാവിലെ 7.30ന് ആരംഭിക്കും.
7.30ന് അമ്പലക്കവല സെന്റ് ജൂഡ് കപ്പേളയില്‍നിന്നു പള്ളിയിലേക്ക് കുരിശിന്റെ വഴി, 9.30 മുതല്‍ ആരാധന, നേര്‍ച്ച കഞ്ഞി വിതരണം, നാലിനു പുത്തന്‍പാന പാരായണം.
4.30നു പീഡാനുഭവ തിരുക്കര്‍മങ്ങള്‍, 5.30നു നഗരികാണിക്കല്‍, സ്ലീവാ ചുംബനം.