എംജി സര്‍വകലാശാല ഉള്‍പ്പെട്ട ഗവേഷണപദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ 100 കോടി രൂപയുടെ ഗ്രാന്റ്
1543375
Thursday, April 17, 2025 6:59 AM IST
കോട്ടയം: എംജി സര്‍വകലാശാല ഉള്‍പ്പെട്ട ബയോമെഡിക്കല്‍ ഗവേഷണ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ 100 കോടി രൂപയുടെ ഗ്രാന്റ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവുറ്റ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി വിഭാവനം ചെയ്ത പദ്ധതിയില്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് ഗ്രാന്റ് അനുവദിച്ചത്.
പ്രമേഹം, ഫാറ്റി ലിവര്‍ എന്നിവ ബാധിക്കാനുള്ള സാധ്യത നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മുന്‍കൂട്ടി കണ്ടെത്തി ജീവിത ശൈലി ക്രമീകരിക്കാന്‍ സഹായിക്കുന്ന ഗവേഷണ പദ്ധതിയാണ് എംജി സര്‍വകലാശാല സമര്‍പ്പിച്ചിരുന്നത്. പാര്‍ട്ട്നര്‍ഷിപ്പ് ഫോര്‍ ആക്സിലറേറ്റഡ് ഇന്നവേഷന്‍ ആന്‍ഡ് റിസേര്‍ച്ച്(പെയര്‍) പരിപാടിയില്‍ ഹബ് ആന്‍ഡ് സ്പോക്ക് സംവിധാനത്തില്‍ ഒന്നിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്ന ഗ്രൂപ്പുകളെയാണ് ഗ്രാന്റിനായി പരിഗണിച്ചത്.
ദേശീയതലത്തില്‍ 32 ഹബ്ബുകളുടെ നേതൃത്വത്തില്‍ സമര്‍പ്പിക്കപ്പെട്ട പദ്ധതി നിര്‍ദേശങ്ങളില്‍ ഏഴെണ്ണത്തിനാണ് അംഗീകാരം ലഭിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിം വര്‍ക്ക് (എന്‍ഐആര്‍എഫ്) റാങ്കിംഗില്‍ 30നു മുകളിലുള്ള സ്ഥാപനങ്ങളെയാണ് ഹബ്ബായി പരിഗണിക്കുക. ഹൈദരാബാദ് സര്‍വകലാശാല ഹബ് ആയ ഗ്രൂപ്പില്‍ എംജി സര്‍വകലാശാലയ്ക്കു പുറമെ മറ്റ് അഞ്ച് സ്പോക്ക് സര്‍വകലാശാലകള്‍കൂടിയുണ്ട്.
അനുവദിക്കുന്ന ഗ്രാന്റില്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് 30 കോടി രൂപ ലഭിക്കും. ബാക്കി 70 കോടി രൂപ മറ്റ് ആറു സര്‍വകലാശാലകള്‍ക്കായി നല്‍കും. 13 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിരുന്ന എംജി സര്‍വകലാശാലയ്ക്കു പത്തു കോടിയിലധികം രൂപയാണ് ലഭിക്കുക. ബയോ മെഡിക്കല്‍ മേഖലയിലെ ഗവേഷണവുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഈ ഗ്രൂപ്പിലെ മറ്റു സര്‍വകലാശാലകളും സമര്‍പ്പിച്ചിരുന്നത്.
സര്‍വകലാശാലയുടെ നിര്‍ദിഷ്ട ഗവേഷണ പദ്ധതി നിര്‍ദേശം പെയര്‍ പദ്ധതിയുടെ ലക്ഷ്യങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന് വിലയിരുത്തി. സ്കൂള്‍ ഓഫ് ബയോസയന്‍സസിലെ ഡോ. ഇ.കെ. രാധാകൃഷ്ണനാണ് പ്രോജക്ട് ഇന്‍വെസ്റ്റിഗേറ്റര്‍. വൈസ് ചാന്‍ലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍, പ്രഫ. പി.ആര്. ബിജു, പ്രഫ.കെ. ജയചന്ദ്രന്, പ്രഫ.വി.ആര്. ബിന്ദു, ഡോ. കെ. മോഹന്‍കുമാര്‍, ഡോ. എസ്. അനസ്, ഡോ. എം.എസ്. ശ്രീകല, ഡോ. മഹേഷ് മോഹന്‍ എന്നിവരും ഗവേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നു.