ദുഃഖവെള്ളിയാഴ്ച പാലാ കത്തീഡ്രലിൽ പാനവായന
1543131
Wednesday, April 16, 2025 11:57 PM IST
പാലാ: സെന്റ് തോമസ് കത്തീഡ്രലിൽ ദുഃഖവെള്ളിയാഴ്ച നടന്നുവരുന്ന പാനവായന നാളെ വൈകുന്നേരം ആറിന് പള്ളിഅങ്കണത്തില്‍ ആരംഭിക്കും. അന്‍പതു വര്‍ഷത്തിലധികമായി പള്ളിയോടടുത്തു സ്ഥിതിചെയ്യുന്ന ഏതാനും ഭവനങ്ങളില്‍ നടന്നുവന്നിരുന്ന ഈ ഭക്ത്യാനുഷ്ഠാനം ഏതാനും വര്‍ഷങ്ങളായി കത്തീഡ്രലില്‍ തുടരുകയാണ്. 51 വര്‍ഷങ്ങള്‍ക്കുമുന്‍പ് ആവിമൂട്ടില്‍ കുര്യന്റെ (കുഞ്ഞേട്ടന്) ഭവനത്തില്‍ ഒരുമിച്ചുകൂടി ആരംഭിച്ച ഈ പാനവായന പിന്നീട് കുന്നുംപുറത്ത് തോമസ് ആന്റണിയുടെ ഭവനത്തില്‍ തുടരുകയുണ്ടായി. അന്യ ഇടവകകളില്‍നിന്നും മറ്റു രൂപതകളില്‍നിന്നും കൂടുതല്‍ ആളുകള്‍ ഈ പാനവായനയിലേക്ക് എത്തുന്നതുമൂലം കൂടുതല്‍ സൗകര്യാര്‍ഥം ഏതാനും വര്‍ഷങ്ങളായി പള്ളി അങ്കണത്തിലാണ് നടത്തിവരുന്നത്.
തോമസ് ആന്റണിയുടെയും എ.കെ. ഷാജി ആവിമൂട്ടിലിന്റെയും നേതൃത്വത്തില്‍ സമീപസ്ഥരായ നൂറോളം പേരടങ്ങുന്ന പാനവായന സംഘമാണ് നേതൃത്വം നല്‍കുന്നത്. അന്പതുനോയമ്പിന്റെ നിറവില്‍ വ്രതശുദ്ധിയോടെ ഒരുങ്ങിയാണ് അംഗങ്ങള്‍ പാനവായനയില്‍ പങ്കെടുക്കുന്നത്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് പാനവായനയില്‍ പങ്കെടുത്തു സന്ദേശം നല്‍കും. കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കാക്കല്ലിലും സഹ വികാരിമാരും പാന വായനയ്ക്കു സജീവമായ പങ്കാളികളാകും.
ഈശോയുടെ ജനനം മുതല്‍ മരണവും ഉത്ഥാനവും വരെയുള്ള ചരിത്രസംഭവങ്ങളാണ് ജര്‍മന്‍കാരനായ അര്‍ണോസ് പാതിരി പുത്തന്‍പാനയില്‍ പ്രതിപാദിച്ചിട്ടുള്ളത്. 1500ലധികം വരികളിലായി എഴുതപ്പെട്ട ഈ കൃതി ലക്ഷണമൊത്തൊരു വിലാപകാവ്യം എന്നതിലുപരി മലയാളഭാഷയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്.