തുറക്കാതെ നശിക്കുന്നു, എരുമേലി വില്ലേജ് ഓഫീസ്
1543439
Thursday, April 17, 2025 11:45 PM IST
എരുമേലി: നിർമാണം പൂർത്തിയായി ഉദ്ഘാടനം വരെ എത്തിയപ്പോൾ ഹൈക്കോടതിയിൽ കേസിലായതോടെ എരുമേലിയിലെ സ്മാർട്ട് വില്ലേജ് ഓഫീസിന് പൂട്ട് വീണിട്ട് ഒരു വർഷം പിന്നിടുന്നു. കേസ് വേഗം തീർപ്പായില്ലെങ്കിൽ കെട്ടിടം നശിക്കുമെന്ന് നാട്ടുകാർ.
കേസ് പെട്ടന്ന് തീർപ്പാക്കാൻ എംപി, എംഎൽഎ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ഇടപെടണമെന്ന് നാട്ടുകാർ. കേസ് നീളുന്നതുമൂലം പുതിയ കെട്ടിടം ഉപയോഗിക്കാതെ കാട് വളർന്ന നിലയിലാണ്. ഇഴജന്തുക്കളും തെരുവു നായകളും താവളമാക്കിയിരിക്കുകയാണ് കെട്ടിടം.
44 ലക്ഷം ചെലവിട്ട് 1250 ചതുരശ്രയടിയിൽ നിർമിച്ച കെട്ടിടമാണ് ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുന്നത്. കേസ് പരിഗണിച്ചിട്ടുള്ള ഹൈക്കോടതി ബെഞ്ചിൽ ഇക്കാര്യം പഞ്ചായത്തിന്റെ അഭിഭാഷകൻ മുഖേന ഉന്നയിക്കാൻ പഞ്ചായത്ത് കമ്മിറ്റി ചേർന്ന് തീരുമാനമെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 2022 ഏപ്രിൽ 30നാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന് ശിലയിട്ടത്. 2023 ഒക്ടോബറിൽ നിർമാണം പൂർത്തിയായതാണ്.
എരുമേലിയിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിന്റെ സമീപത്ത് മരാമത്ത് വക പത്ത് സെന്റ് സ്ഥലം ജില്ലാ കളക്ടർ ഏറ്റെടുത്ത് കൈമാറിയാണ് കെട്ടിടനിർമാണമായത്. സ്ഥലം ഏറ്റെടുക്കുമ്പോൾ ആക്ഷേപങ്ങൾ അറിയിക്കാൻ സാവകാശം അനുവദിച്ചിരുന്നു. എന്നാൽ, ആക്ഷേപങ്ങൾ ലഭിച്ചില്ല. ഇതോടെയാണ് നിർമാണം നടത്തിയത്. ഉദ്ഘാടനം ആയപ്പോഴാണ് സ്ഥലം പശ്ചിമദേവസ്വം വക ആണെന്ന് ആരോപിച്ച് കേസുണ്ടായത്.
ഇതേത്തുടർന്ന് ഉദ്ഘാടനം റദ്ദായി. കേസിൽ തീർപ്പാകാതെ പ്രവർത്തനം ആരംഭിക്കാൻ പറ്റില്ലെന്നായി. നിലവിൽ പതിറ്റാണ്ടുകളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ അസൗകര്യങ്ങൾ ഏറെയാണ്.
കോട്ടയം ജില്ലയിൽ വിസ്തൃതി കൂടിയ വലിയ വില്ലേജ് ആണ് എരുമേലി. 1953ലാണ് എരുമേലി പഞ്ചായത്ത് നിലവിൽ വന്നത്. ഇത് പൂർണമായും ഉൾപ്പെട്ടതാണ് വില്ലേജ്. 55,000 ആണ് ജനസംഖ്യ. 9295.6070 ഹെക്ടർ ആണ് മൊത്തം വിസ്തൃതി. 22, 23, 24, 27, 28, 29, 82 എന്നിങ്ങനെ എഴ് ബ്ലോക്ക് നമ്പരുകളിലായി 39172 തണ്ടപ്പേരുകളുണ്ട്. ഇത് കൂടാതെ എയ്ഞ്ചൽവാലിയിൽ പട്ടയം നൽകിയതിനാൽ പുതിയ ബ്ലോക്ക് നിലവിൽവന്നു. 34 പോളിംഗ് ബൂത്തുകളും 23 വാർഡുകളും തെക്ക് വില്ലേജിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ റവന്യു റിക്കവറിയും വനഭൂമിയും ഈ വില്ലേജിലാണ്.