മാലിന്യം നീക്കി വൃത്തിയാക്കിയ സ്ഥലത്ത് വീണ്ടും മാലിന്യം തള്ളി
1543128
Wednesday, April 16, 2025 11:57 PM IST
പൊൻകുന്നം: രാജേന്ദ്ര മൈതാനത്തിന് സമീപം ഹൈടെക് ലാബ് റോഡിലെ ഷോപ്പിംഗ് കോംപ്ലക്സുകൾക്കിടയിൽ തള്ളിയ മാലിന്യം പരാതിയെത്തുടർന്ന് നീക്കം ചെയ്ത് വൃത്തിയാക്കിയെങ്കിലും പിറ്റേന്ന് വീണ്ടും മാലിന്യം തള്ളി. ഇവിടെ മുന്പ് മാലിന്യം തള്ളുന്നത് വ്യാപകമായതോടെ ചിറക്കടവ് പഞ്ചായത്ത് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
കൃഷിയിടമായി ഉപയോഗിക്കുന്ന സ്ഥലത്ത് ആൾപ്പാർപ്പില്ലാത്തതാണ്. രാത്രി സമീപത്തെ കടകൾ അടച്ച് ആൾക്കാർ പോയതിന് ശേഷമാണ് മാലിന്യം കൊണ്ടിടുന്നത്. ഉടമ സ്ഥലത്തെത്തി പ്രശ്നം ബോധ്യപ്പെട്ടതിനാൽ മണ്ണുമാന്തി ഉപയോഗിച്ച് മാലിന്യം നീക്കുകയും പാഴ്കിണർ മൂടുകയും ചെയ്തു. മാലിന്യം തള്ളുന്നത് ചില കടകളിൽ നിന്നാണെന്ന് സ്ഥലമുടമ വ്യക്തമാക്കിയിരുന്നു.
ആൾക്കാർ മാലിന്യം വലിച്ചെറിഞ്ഞിരുന്ന സമീപത്തെ പൊട്ടക്കിണർ മൂടുകയും ചെയ്തിരുന്നു.
ഇതിനുശേഷമാണ് വീണ്ടും ഇവിടെ മാലിന്യം തള്ളിയിരിക്കുന്നത്. ചാക്കുകളിൽ നിറച്ച ഭക്ഷണാവശിഷ്ടം തട്ടുകടയിലെ മാലിന്യമാണെന്ന് സംശയിക്കുന്നു. സിസിടിവി കാമറകൾ പരിശോധിച്ച് മാലിന്യമിടുന്നവരിൽ നിന്ന് പിഴ ഈടാക്കിയെങ്കിലേ പ്രശ്നപരിഹാരമാകൂവെന്ന് നാട്ടുകാർ പറയുന്നു.