ടിപ്പര്‍ എതിരേ വന്ന ലോറിയിലും നിര്‍ത്തിയിരുന്ന സ്കൂട്ടറിലും ഇടിച്ചു
1543391
Thursday, April 17, 2025 7:11 AM IST
തലപ്പാറ: ഓട്ടത്തിനിടെ മുന്‍വശത്തെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ടിപ്പര്‍ എതിരേ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയിലും നിര്‍ത്തിയിരുന്ന സ്കൂട്ടറിലും ഇടിച്ച് അപകടം. റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തിയ ശേഷം സമീപത്തെ കടയിലേക്കു നടന്നുനീങ്ങുന്നതിനിടെ അപകടമുണ്ടായതിനാല്‍ സ്കൂട്ടര്‍ യാത്രികന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ടിപ്പറിന് അടിയില്‍പ്പെട്ട് സ്കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു.
ഇന്നലെ രാവിലെ 8.45ന് തലയോലപ്പറമ്പ് - തലപ്പാറ റോഡില്‍ ആലിന്‍ചുവട്ടിലായിരുന്നു അപകടം. പെരുവയില്നിന്നു വൈക്കം ഭാഗത്തേക്കു മെറ്റല്‍ കയറ്റിവന്ന വല്ലകം സ്വദേശി ഓടിച്ചിരുന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്. ടിപ്പര്‍ താഴ്ചയിലുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് നിന്നത്.
തലയോലപ്പറമ്പില്‍ പച്ചക്കറി ഇറക്കിയ ശേഷം പെരുവ ഭാഗത്തേക്ക് പോവുകയായിരുന്നു നാഷണല്‍ പെര്‍മിറ്റ് ലോറി. ഇടിയുടെ ആഘാതത്തില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഒരുവശം ഭാഗികമായും ടിപ്പറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് പ്രധാന റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.