കൂവപ്പള്ളി കുരിശുമലയില്‍ നാല്പതാം വെള്ളി ആചരിച്ചു
1541888
Friday, April 11, 2025 11:43 PM IST
കാഞ്ഞിരപ്പള്ളി: പുരാതന തീർഥാടനകേന്ദ്രമായ കൂവപ്പള്ളി കുരിശുമലയില്‍ നാല്പതാം വെള്ളി ആചരണം ആഘോഷപൂര്‍വം നടത്തി.
പീഡാനുഭവ സ്മരണയില്‍ കുരിശേന്തിയും കുരിശിന്റെ വഴി പ്രാര്‍ഥനകള്‍ ചൊല്ലിയും കൂവപ്പള്ളി കുരിശുമലയിലേക്ക് ഇന്നലെ നിരവധി വിശ്വാസികളാണ് എത്തിയത്. കൂവപ്പള്ളി മലബാര്‍ കവലയില്‍നിന്ന് സ്ലീവാപ്പാത ആരംഭിച്ച് മലമുകളില്‍ സമാപിച്ചപ്പോൾ കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി അസി. വികാരി ഫാ. ജോസഫ് ഇടയാകുന്നേൽ സിഎംഐ സന്ദേശം നൽകി. തുടര്‍ന്ന് സ്ലീവാവന്ദനവും തീർഥാടകര്‍ക്കായി നേര്‍ച്ചക്കഞ്ഞി വിതരണവും നടത്തി.
കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസി. വികാരിമാരായ ഫാ. തോമസുകുട്ടി ആലപ്പാട്ടുകുന്നേൽ, ഫാ. ടോണി മുളങ്ങാശേരിൽ, കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. മാത്യു പുതുമന എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും തീർഥാടകർക്ക് മുഴുവൻ സമയവും കുരിശുമല കയറാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.