ലഹരിക്കെതിരേ അണിനിരന്ന് വിദ്യാർഥികൾ
1541883
Friday, April 11, 2025 11:43 PM IST
പൂഞ്ഞാർ ഫൊറോന പള്ളിയിൽ
പൂഞ്ഞാർ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാറും റാലിയും സംഘടിപ്പിച്ചു. ഡയറക്ടർ ഫാ. മൈക്കിൾ നടുവിലേക്കുറ്റ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഫൊറോന വികാരി ഫാ. തോമസ് പനയ്ക്കക്കുഴി, ഫാ. ജോസഫ് വിളക്കുന്നേൽ, ടോണി പുതിയാപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. ലഹരിവിരുദ്ധ സെമിനാറിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി കല്ലംപള്ളി, ഫാ. ജോസഫ് വാഴപ്പനാടി, ക്രിസ്റ്റി ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു.
വെള്ളികുളം പള്ളിയിൽ
വെള്ളികുളം: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിയുടെയും മയക്കുമരുന്നിന്റെയും കെണിയില്‍നിന്ന് വരുംതലമുറ ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകതയെ ബോധ്യപ്പെടുത്തി വെള്ളികുളം സണ്‍ഡേ സ്കൂളിലെ വിദ്യാര്‍ഥികള്‍ വിശ്വാസോത്സവത്തോടനുബന്ധിച്ച് നടത്തിയ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. നാളെയുടെ വാഗ്ദാനങ്ങളും ലഹരിയുടെ കെണികളും എന്ന വിഷയത്തെക്കുറിച്ച് ഫാ. ജേക്കബ് താന്നിക്കാപ്പാറ ക്ലാസെടുത്തു. ലഹരിയുടെയും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങള്‍ ചിത്രീകരിക്കുന്ന ലഹരിവിരുദ്ധ എക്സിബിഷന് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ നടത്തി. ഇതോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലിയും നടത്തി. വികാരി ഫാ. സ്കറിയ വേകത്താനം, സിസ്റ്റര്‍ ട്രീസാ മരിയ അരയത്തുംകര, സിസ്റ്റര്‍ ഷാനി താന്നിക്കാപൊതിയില്, സിസ്റ്റര്‍ ഷാല്‍ബി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ചെമ്മലമറ്റം പള്ളിയിൽ
ചെമ്മലമറ്റം: ലഹരി ഉപേക്ഷിക്കൂ ജീവിതം ലഹരിയാക്കൂ എന്ന സന്ദേശവുമായി ചെമ്മലമറ്റം ഇടവകയിലെ സൺഡേ സ്കൂളിന്റെയും വാർഡ് കൂട്ടായ്മയുടെയും വിവിധ ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ ഇന്നു രാവിലെ ഒമ്പതിന് പിണ്ണാക്കനാട് കവലയിൽനിന്ന് ചെമ്മലമറ്റത്തേക്ക് ലഹരിവിരുദ്ധ വിശ്വാസ പ്രഖ്യാപന റാലി നടത്തും. വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ റാലി ഫ്ലാഗ് ഓഫ് ചെയ്യും. ഫാ. ജേക്കബ് കടുതോടിൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി പനച്ചിക്കൽ, അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകും.