നാളെ ഓശാനപ്പെരുന്നാള് , ദേവാലയങ്ങൾ ഒരുങ്ങി
1541882
Friday, April 11, 2025 11:43 PM IST
കോട്ടയം: യേശുവിനെ ജനാവലി ജറൂസലം ദേവാലയത്തിലേക്ക് വരവേറ്റതിനെ അനുസ്മരിക്കുന്ന ഓശാനപ്പെരുന്നാള് നാളെ. കുരുത്തോലകളേന്തി ദാവീദിന് സുതന് ജയ്ഗാനമാലപിച്ച് ദേവാലയത്തിലേക്ക് വിശ്വാസികള്‍ പ്രദക്ഷിണമായി നീങ്ങും.
ഓശാനപ്പെരുന്നാള് കേരളത്തില്‍ കുരുത്തോല പെരുന്നാളാണ്. ഒലിവുചില്ലകള്ക്കു പകരം ആശീര്‍വദിക്കപ്പെട്ട കുരുത്തോല കൈയിലേന്തുന്നതോടെ വിശുദ്ധവാരാചരണത്തിന് തുടക്കമാകും. ഈ കുരുത്തോലകള്‍ അതിപൂജ്യമായി പാര്‍പ്പിടങ്ങളില്‍ തിരുരൂപങ്ങളോടു ചേര്‍ത്ത് അടുത്ത വര്‍ഷത്തെ ഓശാനവരെ ഭദ്രമായി സ്ഥാപിക്കും. ആശീര്‍വദിക്കപ്പെട്ട കുരുത്തോലകള്‍ വിശ്വാസികള്‍ക്ക് സുരക്ഷയും അനുഗ്രഹവും പ്രധാനം ചെയ്യുന്ന അടയാളംകൂടിയാണ്. പെസഹാസായാഹ്നത്തില് പെസഹാ അപ്പവും പാലും തയാറാക്കുമ്പോള്‍ കുരുത്തോല മുറിച്ച് കുരിശാകൃതിയില്‍ വയ്ക്കുന്നത് പൂജ്യമായ വിശ്വാസം ഉള്‍ക്കൊണ്ടാണ്.