ലഹരിക്കെതിരേ ഒറ്റക്കെട്ടാകാന്‍ നാടൊരുങ്ങി
1541879
Friday, April 11, 2025 11:43 PM IST
കോട്ടയം: ലഹരിവിപത്തിനെതിരേ ഒറ്റക്കെട്ടായ പോരാട്ടത്തിന് നാടൊരുങ്ങി. ലഹരിവിരുദ്ധ പോരാട്ടത്തിനെതിരേയുളള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി മെഗാറാലി അടക്കമുള്ള പ്രചാരണപരിപാടികളാണ് ജില്ലാ ഭരണകൂടത്തിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ നടത്തിപ്പിന്റെ ഭാഗമായി മന്ത്രി വി.എന്‍. വാസവന് മുഖ്യരക്ഷാധികാരിയായും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരികളായും സംഘാടകസമിതിയും രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലാണ് ജില്ലാതല സംഘാടകസമിതി ചെയര്മാന്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ ആണ് സമിതി ജനറല്‍ കണ്‍വീനര്‍.
സംഘാടകസമിതി രൂപീകരണവുമായി ബന്ധപ്പെട്ടു ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല ഉദ്ഘാടനം ചെയ്തു. ലഹരി വിപത്തിനെതിരേയുള്ള ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു സ്കൂളുകള്‍ക്കു സമീപം സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
സബ് കളക്ടര്‍ ഡി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എം. സൂരജ്, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി. കൃഷ്ണന്‍കുട്ടി, സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.