നാല്പതാം വെള്ളി നോമ്പുകാലത്തിന്റെ സമാപനകൊടിയേറ്റം: മാർ റാഫേൽ തട്ടിൽ
1541877
Friday, April 11, 2025 11:43 PM IST
കുടമാളൂർ: നോമ്പുകാലത്തിന്റെ അവസാന യാമത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണെന്നും നാല്പതാം വെള്ളി നോമ്പുകാലത്തിന്റെ സമാപന കൊടിയേറ്റമാണെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ വിശുദ്ധ കുർബാന മധ്യ സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച് ബിഷപ്.
പൗരസ്ത്യ സഭ ഏറെ പ്രാധാന്യത്തോടെയാണ് നാല്പതാം വെള്ളി ആചരിക്കുന്നത്. ഈശോമിശിഹാ ചെയ്ത മാതൃക നമ്മൾ അനുകരിക്കുന്നതാണ് നോമ്പുകാലം. 40 ദിവസത്തെ ആത്മീയമായ ഒരുക്കമാണ് ഈശോയുടെ പരസ്യ ജീവിതത്തിന്റെ വിജയം കുറിക്കുന്നത്. ഞാനും നിങ്ങളും ഈ നോമ്പുകാലം കഴുകി വൃത്തിയാക്കുവാനും വെടിപ്പാക്കപ്പെടുവാനുമുള്ള അവസരമാണെന്ന് മേജർ ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.
ഇന്നലെ വൈകുന്നേരം 4.15ന് കുടമാളൂർ പള്ളിയിൽ എത്തിച്ചേർന്ന മേജർ ആർച്ച്ബിഷപ്പിനെ ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം സ്വീകരിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാ. ജസ്റ്റിൻ വരവുകാലായിൽ, ഫാ.അലോഷ്യസ് വല്ലാത്തറ, ഫാ. പ്രിൻസ് എതിരേറ്റ് കുടിലിൽ എന്നിവർ നേതൃത്വം നൽകി.