പ്രളയവും ഉരുൾപൊട്ടലും: ദുരന്തസാഹചര്യം പുനഃസൃഷ്ടിച്ച് മോക്ഡ്രിൽ
1541875
Friday, April 11, 2025 11:43 PM IST
മുണ്ടക്കയം: ടൗണിലൂടെ ചീറിപ്പാഞ്ഞ് ഫയർഫോഴ്സും ആംബുലൻസും പോലീസ് വാഹനങ്ങളും. മുണ്ടക്കയം പുത്തൻ ചന്തയിലെ തടിക്കടയുടെ താഴത്തെ നിലയിൽനിന്നു അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം. പലരും ചോരയിൽ കുളിച്ച് കിടക്കുന്നു. അക്ഷരാർഥത്തിൽ മുണ്ടക്കയം ടൗൺ ഞെട്ടി വിറച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പലർക്കും മനസിലായില്ല. യാഥാർഥ്യത്തെ വെല്ലുന്ന രീതിയിലുള്ള മോക്ക്ഡ്രില്ലായിരുന്നു അധികൃതർ ഒരുക്കിയത്. ദേശീയ, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾ സംയുക്തമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് നടത്തിയ മോക്ഡ്രിൽ, ദുരന്തങ്ങളുണ്ടായാൽ എങ്ങനെ നേരിടണമെന്ന പ്രായോഗിക അനുഭവങ്ങൾ പ്രദേശവാസികൾക്കു നൽകി.
കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം കോസ്വേയിൽ വെള്ളപ്പൊക്കമുണ്ടായാൽ നേരിടേണ്ട രീതിയും മീനച്ചിൽ താലൂക്കിലെ വെള്ളികുളത്ത് ഉരുൾപൊട്ടലുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങളും മോക്ഡ്രില്ലിലൂടെ അവതരിപ്പിച്ചു. ദുരന്തമുണ്ടായാൽ എങ്ങനെയാണോ നേരിടേണ്ടത് അതേപോലെതന്നെയാണ് എല്ലാ കാര്യങ്ങളും ഒരുക്കിയത്. യഥാർഥ അപകടമെന്ന് യാത്രക്കാരിൽ ചിലർ തെറ്റിദ്ധരിച്ചെങ്കിലും മോക്ഡ്രില്ലിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞതോടെ അവരും കാഴ്ചക്കാരായി നിന്നു.
മോക്ക്ഡ്രില്ലിനോട് അനുബന്ധിച്ച് മണിമലയാറ്റിൽ വെള്ളപ്പൊക്കമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ പുത്തൻചന്ത നിവാസികളെ സെന്റ് ജോസഫ് സ്കൂളിൽ ഒരുക്കിയ ക്യാമ്പിലേക്ക് മാറ്റി. ഇവിടെത്തിയ ആളുകളുടെ പേര് വിവരങ്ങൾ ക്യാമ്പ് ഓഫീസർ ശേഖരിച്ചു. തുടർന്ന് ഡോക്ടറെത്തി ആളുകളെ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. മോക്ക്ഡ്രില്ലിന്റെ ഭാഗമായെത്തിയ പ്രദേശവാസികൾ അവരുടെ രംഗങ്ങളെല്ലാം മനോഹരമായി അഭിനയിച്ചു. പങ്കെടുത്ത ഡോക്ടറും രോഗികളെ പരിശോധിച്ച് ഒറിജിനൽ ദുരിതാശ്വാസ ക്യാമ്പിന്റെ പ്രതീതി ജനിപ്പിച്ചു.
ക്യാമ്പിലെ സാഹചര്യവും ഡോക്ടറുടെ പരിശോധനയുമെല്ലാം യാഥാർഥ്യം പോലെ ആയതോടെ ഇതിൽ പങ്കെടുത്ത പുത്തൻചന്ത സ്വദേശി സുരഭിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻതന്നെ ഡോക്ടർമാർ ഇയാൾക്ക് വിദഗ്ധ ചികിത്സ നൽകി. കണ്ടുനിന്നവർ ഇതും പരിപാടിയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീടാണ് യാഥാർഥ്യം തിരിച്ചറിഞ്ഞത്.
റവന്യു, ആരോഗ്യവകുപ്പ്, പോലീസ്, ഫയർഫോഴ്സ്, പൊതുമരാമത്തുവകുപ്പ് കെട്ടിട-റോഡ്സ് വിഭാഗങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രണ്ടിടത്തും 25 വീതം വോളണ്ടിയർമാരെ മോക്ഡ്രില്ലിന്റെ ഭാഗമാക്കി.
കാഞ്ഞിരപ്പള്ളി തഹസിൽദാർ കെ.എം. ജോസുകുട്ടി, മീനച്ചിൽ തഹസിൽദാർ ലിറ്റിമോൾ തോമസ് എന്നിവർ നേതൃത്വം നൽകി. ജില്ലാ കളക്ടറേറ്റിലെ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ഓഫീസിലൊരുക്കിയ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ വിലയിരുത്തി.