മുത്തോലി പിഎച്ച്സി-മക്കുതറ റോഡ് സ്മാര്‍ട്ടാകുന്നു
1541833
Friday, April 11, 2025 10:22 PM IST
മുത്തോലി: അമ്പതു വര്‍ഷത്തിലേറെ പഴക്കമുള്ളതും മുത്തോലി സെന്റ് ജോര്‍ജ് പള്ളിയിലേക്കുള്ള പ്രധാന ഗതാഗതമാര്‍ഗവും പന്തത്തല ഭാഗത്തുനിന്നു മേവടയിലേക്കുള്ള എളുപ്പമാര്ഗവുമായ മുത്തോലി പിഎച്ച്സി-മക്കുതറ റോഡ് ഉന്നതനിലവാരത്തിലാകുന്നു.
റോഡിലെ മുത്തോലി പിഎച്ച്സി ജംഗ്ഷന് മുതല്‍ മുത്തോലി പള്ളി വരെയുള്ള 600 മീറ്റര്‍ ദൂരം ആറു മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്യുന്നതിനും സൈഡ് കോണ്‍ക്രീറ്റിംഗ് നടത്തുന്നതിനുമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.
മൂന്നുമീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന ഈ റോഡ് മുത്തോലി പള്ളി വികാരി ഫാ. കുര്യന് വരിക്കമാക്കലിന്റെ നേതൃത്വത്തില്‍ ഇടവക ജനങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനത്തിലൂടെ ആറു മീറ്റര്‍ മുതല്‍ എട്ടു മീറ്റര്‍ വരെ വീതിയുള്ള റോഡായി മാറി. പതിനഞ്ച് പുരയിട ഉടമകള്‍ സൗജന്യമായി സ്ഥലം വിട്ടുനിൽകി.
കയ്യാലകളും മതിലുകളും പൊളിച്ച് സൗജന്യമായി വീതി നല്കിയ എല്ലാ സ്ഥല ഉടമകളുടെയും പുരയിടം ബഹുജന സഹകരണത്തോടെ തുക സമാഹരിച്ച് സംരക്ഷണഭിത്തികള്‍ നിര്‍മിച്ചു നല്കി. 400 മീറ്റര്‍ ദൂരം ആറു മീറ്റര്‍ വീതിയിലും മുത്തോലി പള്ളി വക സ്ഥലം 200 മീറ്റര്‍ നീളത്തില്‍ എട്ടു മീറ്റര്‍ വീതിയിലുമാണ് പുനര്‍നിര്‍മിച്ചിട്ടുള്ളത്. റോഡ് വീതിയെടുത്തപ്പോള് തടസമായി നിന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് മുത്തോലി പഞ്ചായത്ത് രണ്ടു ലക്ഷം രൂപ അനുവദിക്കുകയും വൈദ്യുതിപോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.
റോഡിന്റെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്നു രാവിലെ 7.15 ന് മുത്തോലി പള്ളിക്കു സമീപം ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിക്കും. ഫാ. കുര്യന് വരിക്കമാക്കല്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് രാജന് മുണ്ടമറ്റം, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ റൂബി ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.