റോഡിന്റെ സംരക്ഷണഭിത്തി തകർന്നിട്ട് നാളേറെ; നടപടിയെടുക്കാതെ അധികൃതർ
1541826
Friday, April 11, 2025 7:20 AM IST
മാന്തുരുത്തി: റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് തോട്ടിലേക്കു വീണിട്ട് ഒന്നരവർഷം; കണ്ടിട്ടും കാണാതെ അധികൃതർ. മാന്തുരുത്തി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാന്തുരുത്തി-കൊല്ലകരപ്പടി റോഡിന്റെ പത്തടിയോളം ഉയരമുള്ള കരിങ്കൽക്കെട്ടാണ് ഒന്നരവർഷമായി ഇടിഞ്ഞുകിടക്കുന്നത്.
2023ലെ മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയർന്നപ്പോൾ ആദ്യം ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് രണ്ടു തവണയായി 20 അടിയോളം നീളത്തിൽ കൽക്കെട്ട് ഇടിഞ്ഞു തോട്ടിലക്കു വീണു. അവശേഷിക്കുന്ന കൽക്കെട്ടും ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. മഴക്കാലത്ത് വെള്ളമുയർന്നാൽ കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞു തോട്ടിലേക്ക് വീഴാൻ സാധ്യതയുണ്ട്. കൽക്കെട്ട് തകർന്നാൽ പഞ്ചായത്ത് റോഡ് കൂടുതൽ അപകടാവസ്ഥയിലാകും. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്.
അപകടാവസ്ഥയിലുള്ള ഭാഗം കൂടുതൽ ഇടിഞ്ഞാൽ വാഹനങ്ങൾ തോട്ടിലേക്ക് മറിയാനും സാധ്യതയുണ്ട്. ഒരു വശം ഇടിഞ്ഞു കിടക്കുന്നതിനാൽ ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്.
ഇവിടെ അപായസൂചന പോലും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ഇടിഞ്ഞുപോയ കൽക്കെട്ട് മഴക്കാലം തുടങ്ങും മുന്പ് പൊളിച്ച് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പലവട്ടം വിഷയം പഞ്ചായത്ത് അധികൃതരെ ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.