ലഹരി ഉപയോഗം, സംഘട്ടനം, ഗുണ്ടായിസം : ബാറില്‍ യുവാവിനെ കുത്തിപ്പരിക്കേല്പിച്ചവർ സ്ഥിരം പ്രശ്നക്കാരെന്ന് പോലീസ്
1541823
Friday, April 11, 2025 7:18 AM IST
ചങ്ങനാശേരി: ലഹരി ഉപയോഗം, സംഘട്ടനം, ഗുണ്ടായിസം തുടങ്ങി തെങ്ങണയിലെ ബാറില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ സ്ഥിരം കുഴപ്പക്കാരെന്നു പോലീസ്.
ഒമ്പതംഗ സംഘമാണ് ബാറില്‍ അക്രമം അഴിച്ചുവിട്ടത്. രണ്ടുപേരെ റെയില്‍വേ പോലീസും അഞ്ചുപേരെ തൃക്കൊടിത്താനം പോലീസും അറസ്റ്റ് ചെയ്തിരുന്നു. ചങ്ങനാശേരി, തൃക്കൊടിത്താനം പ്രദേശങ്ങളിലുള്ളവരാണ് പിടികിട്ടാനുള്ളവരെന്നും ഇവര്‍ ഒളിവിലാണെന്നും തൃക്കൊടിത്താനം പോലീസ് പറഞ്ഞു. ഇവര്‍ക്കായി തൃക്കൊടിത്താനം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിടികിട്ടാനുള്ള ഒരാളുടെ പേരില്‍ മൂന്നിലേറെ കേസുകളുള്ളതായും തൃക്കൊടിത്താനം പോലീസ് പറഞ്ഞു.
തെങ്ങണയിലെ ബാറില്‍ യുവാവിനെ കുത്തിപ്പരിക്കേല്പിച്ചശേഷം കടന്നുകളഞ്ഞ പ്രതികൾ രണ്ടുപേരെ കോട്ടയം റെയില്‍വേ സ്റ്റേഷനിൽവച്ച് യാത്രക്കാരനെ ബിയറുകുപ്പികൊണ്ട് ആക്രമിച്ചതിനെത്തുടർന്നാണ് റെയില്‍വേ പോലീസ് കയ്യോടെ പിടികൂടിയത്. ഫാത്തിമാപുരം പുതുപ്പറമ്പില്‍ മുഹമ്മദ് അമീന്(23), കുറിച്ചി മന്ദിരം തകിടിപ്പറമ്പില്‍ സിയാദ്(32) എന്നിവരെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നു റെയില്‍വേ പോലീസും കുരിശുംമൂട് കാഞ്ഞിരത്തില്‍ സാജു(30), കടമാഞ്ചിറ ചക്കാലയില്‍ ടോണ്‍സണ്‍(25), തെങ്ങണ വട്ടച്ചാല്‍പ്പടി പുതുപ്പറമ്പില്‍ കെവിന്(26), ഫാത്തിമാപുരം നാലുപറയില്‍ ഷിബിന്‍(25), തൃക്കൊടിത്താനം മാലൂര്‍ക്കാവ് അമ്പാട്ട് ബിബിന്‍(37) എന്നിവരെ തൃക്കൊടിത്താനം പോലീസുമാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് തൃക്കൊടിത്താനം പോലീസിന്റെ വിശദീകരണം ഇങ്ങനെ: ഒമ്പതംഗസംഘത്തില്പ്പെട്ട എല്ലാവരും വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഇവര്‍ക്കു മറ്റൊരു സംഘവുമായി നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കുന്നതിനാണ് തിങ്കളാഴ്ച രാത്രി എട്ടിന് തെങ്ങണ കണ്ണവട്ടയിലുള്ള ബാറിലെത്തിയത്. അവരുമായുള്ള ചര്‍ച്ച കഴിഞ്ഞു പുറത്തിറങ്ങുമ്പോഴാണ് സംഘവും കുറവിലങ്ങാട് സ്വദേശിയും പായിപ്പാട്ട് താമസക്കാരനുമായ ജോമോനു(27)മായി തര്‍ക്കമുണ്ടായത്.
വാക്കേറ്റത്തെ തുടര്‍ന്ന് സംഘത്തിൽപ്പെട്ടവര്‍ കത്തികൊണ്ട് ജോമോന്റെ വയറിൽ കുത്തുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ജോമോന്റെ ശ്വാസകോശത്തിനും മുറിവേറ്റിട്ടുണ്ടെന്ന് തൃക്കൊടിത്താനം പോലീസ് പറഞ്ഞു. ജോമോനൊപ്പമുണ്ടായിരുന്ന പായിപ്പാട് സ്വദേശി ഷിജു(30) വിനും സംഘത്തിന്റെ അടിയേറ്റിരുന്നു.
മണ്ണുഖനന മടകള്ക്കു കാവല്‍ നില്ക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ജോമോനും ഷിജുവും. അക്രമിസംഘത്തില്‍പ്പെട്ടവര്‍ ഗുണ്ടാപ്പിരിവു ചോദിച്ചതു സംബന്ധിച്ച് ജോമോനുമായി തര്‍ക്കം നിലനിന്നിരുന്നു. ബാറിനു മുമ്പില്‍വച്ച് തര്‍ക്കം സംഘര്‍ഷത്തിലെത്തുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.
സംഭവശേഷം സിയാദ് ഷാജിയും മുഹമ്മദ് അമീനും ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനിലെത്തി മലബാര്‍ എക്സ്പ്രസില്‍ കയറി മംഗലാപുരത്തേക്ക് പോകുന്നതിനിടെ ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ ട്രെയിനില്‍ കയറാനെത്തിയ വിനു എന്ന യാത്രക്കാരനെ ഇരുവരും ചേര്‍ന്നു തടഞ്ഞു. തര്‍ക്കത്തിനിടെ ഇവർ കയ്യില്‍ കരുതിയിരുന്ന ബിയര്‍കുപ്പികൊണ്ട് യാത്രക്കാരന്റെ തലയ്ക്കടിച്ചു.
തലപൊട്ടിയ വിനുവും ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ടു കോട്ടയം റെയില്‍വേ പോലീസ് ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുപേരെ തൃക്കൊടിത്താനം പോലീസ് പിടികൂടിയത്. റിമാന്‍ഡില്‍ കഴിയുന്ന അഞ്ചുപേരെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.