ഡിജിറ്റൽ സേവാ കേന്ദ്രം കത്തിനശിച്ചു
1541820
Friday, April 11, 2025 7:18 AM IST
വൈക്കം: ഡിജിറ്റൽ സേവാകേന്ദ്രത്തിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് കമ്പ്യൂട്ടർ ഉൾപ്പെടെ ലക്ഷങ്ങളുടെ ഉപകരണങ്ങൾ കത്തിനശിച്ചു. ഫയർഫോഴ്സെത്തി ഉടൻ തീ അണച്ചതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. വ്യാഴാഴ്ച പുലർച്ചെ 5.30ന് വൈക്കത്തെ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ നഗരസഭ വ്യാപാരസമുച്ചയത്തിലായിരുന്നു തീപിടിത്തമുണ്ടായത്.
കണിയാംതോട് സ്വദേശി സോമന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷട്ടറിനുള്ളിൽനിന്നും കനത്ത തോതിൽ പുക ഉയരുന്നത് കണ്ടു നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്നു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു.ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമായതെന്നാണ് കരുതുന്നത്.