വയോജനങ്ങള്‍ക്കായി എത്തിച്ച കട്ടിലുകള്‍ ഗുണനിലവാരമില്ലാത്തതെന്ന്
1541819
Friday, April 11, 2025 7:18 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 60 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്കു വിതരണം ചെയ്യുന്നതിനായി എത്തിച്ച കട്ടിലുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് ആക്ഷേപം. ഇന്നലെ വിതരണം ചെയ്യുന്നതിനായി ആലുവയില്‍നിന്നു കടുത്തുരുത്തിയിലെത്തിച്ച കട്ടിലുകളാണ് ആക്ഷേപത്തിനിടയാക്കിയത്.
വെള്ളകൂടിയ പാഴ് തടിയിലാണ് കട്ടിലുകള്‍ നിര്‍മിച്ചതെന്നും മുകള്‍ഭാഗത്ത് അടിച്ചിരിക്കുന്നത് ഗുണനിലവാരമില്ലാത്ത പ്ലൈവുഡാണെന്നും പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു. സാമ്പിള്‍ കാണിക്കാനെത്തിച്ചത് മികച്ച കട്ടിലായിരുന്നുവെന്നും ഇതുകണ്ടാണ് ഓര്‍ഡര്‍ നല്‍കിയതെന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു.
വൈകുന്നേരം കട്ടില് വിതരണം നടക്കുമെന്നും നേരത്തേ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആളുകള്‍ വാഹനങ്ങള്‍ വാടകയ്ക്കു വിളിച്ചു കട്ടില് കൊണ്ടുപോകാനെത്തിയപ്പോഴാണ് വിതരണത്തിനെത്തിച്ചിരിക്കുന്നത് ഗുണനിലവാരമില്ലാത്ത കട്ടിലുകളാണെന്ന വിവരമറിയുന്നത്. തുടര്‍ന്ന് പഞ്ചായത്തംഗങ്ങള്‍ താത്പര്യമില്ലാത്തവര്‍ കട്ടില് കൊണ്ടുപോകണ്ടെന്നും പിന്നീട് വേറേ കട്ടിലുകള്‍ എത്തിച്ചുനല്കാമെന്നും അറിയിച്ചു.
എന്നാല്‍, വാടകയ്ക്കു വാഹനം വിളിച്ചെത്തിയവര്ക്ക് വീണ്ടും വണ്ടിയുമായി എത്തുന്നത് സാമ്പത്തികബാധ്യതയാകുമെന്നതിനാല് പലരും ഗുണനിലവാരമില്ലാത്ത കട്ടിലുകള്‍ കൊണ്ടുപോകാന്‍ തയാറാവുകയായിരുന്നു. കടുത്തുരുത്തി പഞ്ചായത്ത് കട്ടിലൊന്നിന് 4150 രൂപയാണ് നല്‍കിയത്.
സാമൂഹ്യക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ കട്ടിലുകള്‍ നല്‍കുന്നതിന് കേരള ഫോറസ്റ്റ് ഇന്‍ഡസ്ട്രിയാണ് ടെന്‍ഡര്‍ എടുത്തത്. ഇവര്‍ ഇതു മറ്റ് ഏജന്‍സിക്ക് സബ് കൊടുത്താണ് കട്ടിലുകള്‍ എത്തിച്ചത്. ആളുകള്‍ കൊണ്ടുപോകാന്‍ തയാറാകാത്ത കട്ടിലുകള്‍ പിന്നീട് വേറേ എത്തിച്ചു നല്‍കുമെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്.