നിയന്ത്രണംവിട്ട കാർ സ്കൂളിന്റെ ഗേറ്റും കാണിക്കവഞ്ചിയും ഇടിച്ചു തകർത്തു
1541818
Friday, April 11, 2025 7:18 AM IST
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ സ്കൂൾ ഗേറ്റും കാണിക്കവഞ്ചിയും തകർത്ത ശേഷം സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ചുനിന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെ പാലാംകടവ് - ടോൾ റോഡിൽ കടായി സ്കൂളിന് സമീപമായിരുന്നു അപകടം.
അപകടത്തിൽ എസ്എൻഎൽപി സ്കൂളിന്റെ ഓർണമെന്റൽ ഗേറ്റ്, ഇതിനു സമീപത്തായി സ്ഥാപിച്ചിരുന്ന എസ്എൻഡിപി ശാഖവക ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി എന്നിവയാണ് തകർന്നത്. കോട്ടയം സ്വദേശികളായ കുടുംബം സഞ്ചരിച്ച ഫോർ രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്.
അച്ഛനും രണ്ടു മക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. മക്കൾ ഇരുവരും പിന്നിലെ സീറ്റിലാണ് ഉണ്ടായിരുന്നത്. ഓട്ടത്തിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.