കാത്തിരിപ്പിനൊടുവില്‍ വെള്ളാശേരി പാടത്തെ നെല്ല് സംഭരണമാരംഭിച്ചു
1541814
Friday, April 11, 2025 7:09 AM IST
കടുത്തുരുത്തി: കാത്തിരിപ്പിനൊടുവില്‍ കടുത്തുരുത്തി വെള്ളാശേരി പാടത്തെ നെല്ല് സംഭരണമാരംഭിച്ചു. മുന്നൂറ് ടണ്ണോളം നെല്ലാണ് സംഭരണം നടക്കാതെ വന്നതോടെ പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂട്ടിയിട്ടിരുന്നത്. നാലര കിലോ താരയ്ക്കാണ് നെല്ല് സംഭരണത്തില്‍ ധാരണയായത്. ഇന്നലെ രണ്ടു ലോഡായി 60 ടണ്ണോളം നെല്ല് കയറിപ്പോയി.
ഞായറാഴ്ചയോടെ നെല്ല് സംഭരണം പൂർത്തിയാകുമെന്നു കരുതുന്നു. പാടശേഖരത്തുനിന്നു നെല്ലെടുത്ത് റോഡില്‍ മില്ലുകാരുടെ വാഹനം കിടക്കുന്ന സ്ഥലത്ത് കര്‍ഷകര്‍ എത്തിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ.
പാലക്കാടുനിന്നുള്ള മില്ലുകാരാണ് നെല്ലെടുക്കുന്നത്. താരയുടെ പേരില്‍ ഇവിടുത്തെ നെല്ല് സംഭരണം തടസപ്പെട്ടതും ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കൂട്ടിയിട്ടിരിക്കുന്നതും ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നതും പ്രശ്നപരിഹാരത്തിന് നടപടികളായതും.
മോന്‍സ് ജോസഫ് എംഎല്‍എയും ഫ്രാന്‍സിസ് ജോര്‍ജ് എംപിയും അടക്കമുള്ള ജനപ്രതിനിധികള്‍ ഇടപെട്ടാണ് ഇപ്പോള്‍ മറ്റൊരു മില്ലുകാരെ നെല്ല് സംഭരണത്തിനായി ചുമതലപ്പെടുത്തിയത്. ശക്തമായ വേനല്‍ മഴയ്ക്കു മുമ്പ് നെല്ല് കയറ്റിവിടാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.