പണയത്തിന് മുക്കുപണ്ടം, ആധാറും വ്യാജം; യുവാവ് അറസ്റ്റിൽ
1541802
Friday, April 11, 2025 7:03 AM IST
ചിങ്ങവനം: വ്യാജ ആധാര്‍ കാര്‍ഡുമായി മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ ആള് ചിങ്ങവനം പോലീസിന്റെ പിടിയിലായി. പാക്കില്‍ സെന്റ് തോമസ് സ്വര്‍ണ പണയ സ്ഥാപനത്തില്‍ എട്ടുഗ്രാം വീതം തൂക്കം വരുന്ന രണ്ടുവളകള്‍ പണയം വയ്ക്കാന്‍ ചെന്ന പാമ്പാടി എസ്എന്‍ പുരം പുത്തന്‍പുരയ്ക്കല്‍ ദില്‍ജിത് ( 28) ആണ് പിടിയിലായത്.
രണ്ടുപവന്‍ തൂക്കം വരുന്ന വളകള്‍ക്ക് 96,000 രൂപ ആവശ്യപ്പെട്ട യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്ഥാപനമുടമ വളകള്‍ പരിശോധിച്ചു. മുക്കുപണ്ടമാണെന്നു മനസിലായതോടെ യുവാവിനെ തടഞ്ഞുവച്ച് ചിങ്ങവനം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചിങ്ങവനം എസ്എച്ച്ഒ അനില്‍കുമാര്‍, എസ്ഐ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രതിയെ ചോദ്യം ചെയ്തതിലും രേഖകള്‍ പരിശോധിച്ചതിലും ഇയാള്‍ പല സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണെന്നും ഇയാള്‍ കൊടുത്ത ആധാര്‍ കാര്‍ഡിലെ അഖില്‍ അശോക് എന്ന പേര് വ്യാജമായി നിർമിച്ചതാണെന്നും കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.