സർക്കാരിന്റെ നിസംഗത അവസാനിപ്പിക്കണം; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
1541580
Friday, April 11, 2025 12:02 AM IST
എരുമേലി: വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം മാത്രം നൽകി സർക്കാർ കൈയൊഴിയുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
കാർഷിക മേഖലയിലെ വന്യമൃഗ ആക്രമണം തടയണമെന്നും ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടും ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണ്.
വനം വകുപ്പ് ഭരണം ഇത്രയേറെ വിമർശന വിധേയമായ ഒരു കാലഘട്ടം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്യമൃഗ ശല്യത്തിനുള്ള ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കുക, കർഷകർക്ക് ദോഷകരമാകാത്ത രീതിയിൽ വനാതിർത്തി പുനർനിർണയിക്കുക, വന്യമൃഗ ശല്യം കാരണമുള്ള കൃഷി നാശത്തിനും നഷ്ടങ്ങൾക്കും വിള ഇൻഷ്വറൻസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു യുഡിഎഫ് രണ്ടാം ഘട്ടം സമരം നടത്തിയത്. സമരത്തിന്റെ ഒന്നാംഘട്ടമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ മലയോര സംരക്ഷണ യാത്ര നടത്തിയിരുന്നു.
യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ജോയി ഏബ്രഹാം, കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലീം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.