ചേനപ്പാടി - എരുമേലി റോഡ് 1.12 കോടി രൂപ അനുവദിച്ച് റീ ടാറിംഗിന് ടെൻഡറായി
1541579
Friday, April 11, 2025 12:02 AM IST
എരുമേലി: പഴയിടം - ചേനപ്പാടി - എരുമേലി റോഡിൽ അവസാന ഭാഗമായ കാരിത്തോട് പാലം മുതൽ എരുമേലി ടൗൺ വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരം റീടാർ ചെയ്യുന്നതിന് 1.12 കോടി രൂപ ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ സ്വീകരിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 21 വരെ ടെൻഡർ സമർപ്പിക്കാം. 24ന് ടെൻഡർ ഓപ്പൺ ചെയ്യും.
പഴയിടം മുതൽ ചേനപ്പാടി - കാരിത്തോട് പാലം വരെയുള്ള പത്ത് കിലോമീറ്ററോളം ദൂരം മൂന്നു ഘട്ടങ്ങളായി അഞ്ചു കോടിയോളം രൂപ അനുവദിച്ച് നേരത്തേ റീ ടാർ ചെയ്തിരുന്നു.
ഇതോടൊപ്പം ഓടകൾ, കലുങ്കുകൾ, സംരക്ഷണഭിത്തികൾ, റോഡ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അവശേഷിക്കുന്ന മൂന്നു കിലോമീറ്റർ കൂടി റീ ടാർ ചെയ്യുന്നതിനാണ് ഇപ്പോൾ ടെൻഡറായിരിക്കുന്നത്. കാരിത്തോട് മുതൽ എരുമേലി ടൗൺ വരെ റോഡ് തകർന്നു കിടന്നതിനാൽ ജനങ്ങളും തീർഥാടന കാലത്ത് അയ്യപ്പഭക്തരും ഏറെ ദുരിതമനുഭവിച്ചിരുന്നു. നിർമാണം പൂർത്തിയാകുന്നതോടെ പഴയിടം മുതൽ എരുമേലി വരെ മികച്ച നിലയിൽ ഗതാഗതയോഗ്യമാകുമെന്നും ഇതോടുകൂടി എരുമേലി പഞ്ചായത്തിലെ മുഴുവൻ പൊതുമരാമത്ത് റോഡുകളുടെയും റീ ടാറിംഗ് - പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.