ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി 18 നില ഫ്ലാറ്റ് സമുച്ചയം
1541578
Friday, April 11, 2025 12:02 AM IST
കാഞ്ഞിരപ്പള്ളി: ലഹരി മാഫിയകളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി 18 നില ഫ്ലാറ്റ് സമുച്ചയം. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 21-ാം വാർഡിൽപ്പെട്ട കുന്നുംഭാഗം കണ്ണാശുപത്രിക്ക് സമീപത്തെ ഫ്ലാറ്റ് സമുച്ചയമാണ് സാമൂഹ്യവിരുദ്ധരുടെയും ലഹരി മാഫിയകളുടെയും താവളമായി മാറിയിരിക്കുന്നത്.
2010ൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ നിർമാണം സ്ട്രക്ചർ നിർമിച്ചു ഭിത്തികെട്ടി തിരിച്ചതോടെ നിലച്ചു. നിലവിൽ 10 വർഷത്തിലേറെയായി ഉപയോഗ യോഗ്യമല്ലാതെ കിടക്കുകയാണ് ഫ്ലാറ്റ് സമുച്ചയം.
എറണാകുളം കേന്ദ്രമായുള്ള ഫ്ലാറ്റ് നിർമാണ കമ്പിനിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം യാതൊരു അടവുമില്ലാതെ തുറന്നു കിടക്കുന്നതിനാൽ ആളുകൾക്ക് ഏതു സമയവും പ്രവേശിക്കുന്നതിന് തടസങ്ങളില്ല. ഇതോടെ പകലും രാത്രികാലങ്ങളിലുമായി പല സ്ഥലങ്ങളിൽ നിന്നായി നിരവധിയാളുകൾ വന്നുപോകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം സെൽഫി എടുക്കാൻ കെട്ടിടത്തിനു മുകളിൽ കയറിയ കുട്ടികളെ കെട്ടിടത്തിൽ കൂടുകൂട്ടിയിരിക്കുന്ന കടന്നൽക്കൂട്ടം ആക്രമിച്ച സംഭവവുമുണ്ടായി.
ഇതോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയ കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളുടെ അതിർത്തിയിൽ നിൽക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപഞ്ചായത്തുകളും പോലീസിനെ സമീപിച്ചു.
കെട്ടിടം അടച്ചുപൂട്ടി ആളുകൾ പ്രവേശിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചിറക്കടവ് പഞ്ചായത്ത് അധികൃതർ ഡിവൈഎസ്പിക്ക് പരാതിയും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അധികൃതർക്ക് കത്തും നൽകി. നിരീക്ഷണം ശക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതിയിൽ പോലീസിനോടും എക്സൈസിനോടും ആവശ്യപ്പെട്ടെന്നും കൂടാതെ ഉടമസ്ഥർക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചതായും കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ പറഞ്ഞു.