ഓടയുടെ തകര്‍ച്ച പരിഹരിക്കുന്നില്ല; മാലിന്യവും വെള്ളക്കെട്ടും ദുരിതം പരത്തുന്നു
1541574
Friday, April 11, 2025 12:02 AM IST
പാലാ: നഗരത്തില്‍ ജനറൽ ആശുപത്രിക്ക് സമീപമുള്ള ഓടയുടെ തകര്‍ച്ചമൂലം സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് വെള്ളം ഇരച്ചു കയറി നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിട്ടും പരിഹരിക്കാതെ അധികൃതര്‍. ജനറൽ ആശുപത്രി ജംഗ്ഷനില്‍ കിഴതടിയൂര്‍ സഹകരണ ബാങ്കിന് സമീപമുള്ള കെട്ടിടങ്ങളിലേക്കാണ് വാട്ടര്‍ അഥോറിറ്റിയുടെ ടാങ്ക് കഴുകിയ ശേഷം ഒഴുകിയെത്തുന്ന മലിന ജലം എത്തുന്നത്. വിവിധ കെട്ടിടങ്ങളിലായി 50ല്‍ പരം സ്ഥാപനങ്ങളും അതില്‍ ജോലി ചെയ്യുന്നവരുമാണ് ഒരു മാസമായി പ്രതിസന്ധിയിലായിരിക്കുന്നത്.
നഗരസഭയുടെ ശുചീകരണ വിഭാഗം ഓടയുടെ പ്രവര്‍ത്തനം സുഗമമാക്കുവാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ സഹകരണത്തോടെ പരിശോധിച്ചാല്‍ മാത്രമേ തകരാറ് പരിഹരിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും ഉടന്‍ നടപടിയെടുക്കുമെന്നുമാണ് നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ പറയുന്നത്. കെട്ടിടങ്ങളിലേക്ക് മലിന ജലം തള്ളിക്കയറുന്നതു സംബന്ധിച്ച് നഗരസഭാ അധികൃതര്‍ ശ്രദ്ധയില്പ്പെടുത്തിയങ്കിലും വാട്ടര്‍ അഥോറിറ്റി അധികൃതര്‍ മറ്റ് സാധ്യതകള്‍ തേടാതെ മലിന ജലം ഒഴുക്കി വിടുന്നത് തുടരുകയാണ്. പ്രധാന റോഡിന് കുറുകെ ആറടിയോളം താഴ്ചയിലാണ് ഓട കടന്നു പോകുന്നത്.
ഈ ഓട തകരാറിലായി മൂന്നുവര്‍ഷം മുമ്പ് റോഡ് ഇടിഞ്ഞിരുന്നു. അന്ന് പൊതുമരാമത്ത് താത്കാലിക നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന് പരാതിയുയര്‍ന്നിരുന്നു.
വാട്ടര്‍ അഥോറിറ്റി വെള്ളം ഒഴുക്കിവിടുമ്പോഴൊക്കെ ഓടയില്‍നിന്ന് വെള്ളം തിരിച്ചൊഴുകി കെട്ടിടങ്ങളുടെ മുറ്റത്തേക്ക് എത്തും. ഈ ഓടയ്ക്ക് സമീപമുള്ള ഹോട്ടലുകളിലെയുള്പ്പെടെയുള്ള മാലിന്യങ്ങള്‍ കെട്ടിടങ്ങളിലേക്ക് ഒഴുകിയെത്തുകയാണ്. ഇന്നലെ മലിന ജലം ടൗണിലേക്കും ഒഴുകിയെത്തിയിരുന്നു.