കത്തോലിക്ക കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1541571
Friday, April 11, 2025 12:01 AM IST
പാലാ : മധ്യപ്രദേശിലെ ജബല്പൂരില് അകാരണമായി വൈദികരെയും സിസ്റ്റേഴ്സിനെയും അല്മായരെയും ആക്രമിക്കുകയും ന്യൂനപക്ഷങ്ങളുടെ സ്കൂളുകള്‍ തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി പ്രതിഷേധിച്ചു.
ആഴ്ചകള്‍ കഴിഞ്ഞിട്ടും ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടാകാത്തത് ആശങ്കാജനകമാണ്. കുറ്റക്കാര്‍ കൂടുതല്‍ ഭീക്ഷണിയുമായി നടക്കുന്നതും ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ അതേ സ്ഥാനങ്ങളില്‍ തുടരുന്നതും നിയമവാഴ്ചയ്ക്കെതിരാണ്. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന അതിക്രമത്തിലെ പ്രതികളെ കണ്ടെത്താനോ കൃത്യവിലോപം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാനോ ഭരണകര്‍ത്താക്കള്‍ മടിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നു. ഭരണഘടനാപരമായ അവകാശം എല്ലാ സമുദായത്തിനും ലഭ്യമാക്കണമെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാസമിതി ആവശ്യപ്പെട്ടു.
രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, രാജേഷ് പാറയില്‍, ജോണ്സണ് ചെറുവള്ളി, രാജം ആരു കുഴിപ്പില്‍, ജോബിന് പുതിയടത്തുചാലില്‍,
എഡ്വിന് പാമ്പാറ, ലിബി മണിമല, ബെല്ലാ സിബി, ഫ്രാന്‍സീസ് കരിമ്പാനി, അജിത് അരിമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.